എളുപ്പത്തിൽ മാമ്പഴം കൊണ്ടൊരു ഷോർട്ട്ബ്രഡ് കുക്കീസ് തയ്യാറാക്കിയാലോ? നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

മാമ്പഴക്കാലത്ത് പഴുത്ത മാങ്ങ കൊണ്ട് നമ്മൾ പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. എന്നാൽ മാമ്പഴം കൊണ്ട് കുക്കീസ്‌ തയ്യാറാക്കി നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ മാമ്പഴം കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കുക്കീസ്‌ റെസിപ്പി.

വേണ്ട ചേരുവകൾ

പാൽ - അരക്കപ്പ്
പഞ്ചസാര - കാൽ കപ്പ്
കസ്റ്റേർഡ് പൗഡർ - 3 ടേബിൾസ്പൂൺ
മുട്ട - 1 എണ്ണം
മാംഗോ എസ്സൻസ്സ് - അര ടീസ്പൂൺ
ഓയിൽ - കാൽ കപ്പ്
മാമ്പഴത്തിന്റെ പൾപ്പ് - കാൽ കപ്പ്
മൈദ - ഒന്നര കപ്പ്
ബേക്കിങ് പൗഡർ - ഒരു ടീസ്പൂൺ
ഉപ്പ് - കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ പാലെടുത്ത് അതിലേക്ക് പഞ്ചസാര, കസ്റ്റേർഡ് പൗഡർ എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇനി മുട്ടയും മാംഗോ എസ്സൻസും ചേർത്ത് നല്ലതുപോലെ ഇളക്കിയശേഷം ഓയിൽ കൂടി ചേർത്ത് യോജിപ്പിക്കണം. ഇതിലേക്കിനി മാംഗോ പൾപ്പ് കൂടി ചേർത്ത് ഇളക്കി എടുക്കാം. ഇതിലേക്ക് മൈദ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി അല്പം അയഞ്ഞ പരുവത്തിൽ ബാറ്റർ തയ്യാറാക്കി എടുക്കാം. ഇനി ഇത് ഒരു പൈപ്പിങ് കവറിലേക്ക് നിറച്ച് ബേക്ക് ചെയ്യാനുള്ള ട്രേയിൽ വട്ടത്തിൽ പൈപ്പ് ചെയ്തെടുക്കാം. അതിനുശേഷം 175 ഡിഗ്രി ചൂടിൽ 15 മുതൽ 20 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കണം. ഇനി 10 മിനിറ്റ് ട്രെയിൽ തന്നെ ചൂടാറാൻ വെച്ച ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. മാംഗോ ഷോർട്ട്ബ്രഡ് കുക്കീസ്‌ തയ്യാറായി കഴിഞ്ഞു.


Mango Shortbread Cookies/Easy Shortbread Cookies/One Bowl Cookies Recipe