ശരീരഭാരം കൂട്ടാൻ വളരെ എളുപ്പമാണ്. എന്നാൽ തടി കുറയ്ക്കുന്ന കാര്യം അത്ര എളുപ്പമല്ലെന്ന് പലർക്കും അറിയാം. ഡയറ്റും വ്യായാമവും തന്നെയാണ് തടി കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് പ്രധാനപ്പെട്ട വഴികൾ. ഡയറ്റ് ക്യത്യമായി ചെയ്താൽ മാത്രമേ ശരീരഭാരം കുറയുകയുള്ളൂ. 

തടി കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ധാരാളം പഴങ്ങൾ കഴിക്കണമെന്നാണ് ന്യൂട്രീഷനിസ്റ്റായ ശിൽപ അരോര പറയുന്നത്.ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 3 പഴങ്ങൾ ഏതൊക്കെയാണെന്ന് ന്യൂട്രീഷനിസ്റ്റ് പറയുന്നു....

ആപ്പിൾ...

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ആപ്പിൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.ആപ്പിളിൽ ഫെെബർ, ഫ്ലേവനോയ്ഡുകൾ,ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നു. ആപ്പിൾ കഴിക്കുന്നതിലൂടെ വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും. ദിവസവും രണ്ട് ആപ്പിൾ കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കളയാൻ സഹായിക്കും. 

പെെനാപ്പിൾ...

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പഴമാണ് പെെനാപ്പിൾ. ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുക മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. പൈനാപ്പിളിന്റെ മിക്ക ഗുണങ്ങള്‍ക്കും കാരണം ബ്രോമെലൈന്‍ (bromelain) എന്ന എന്‍സൈം ആണ്. ബ്രോമെലൈന്‍ (Bromelain), പ്രോട്ടീന്‍ വിഘടിപ്പിക്കുന്നതിനും ദഹനത്തിനും സഹായിക്കുന്നു. 

തണ്ണിമത്തൻ....

തണ്ണിമത്തൻ ശരീരം തണുപ്പിക്കാനും ദാഹമകറ്റാനും സഹായിക്കുന്നു . തണ്ണിമത്തനിലെ സിട്രുലിന്‍ എന്ന അമിനോ ആസിഡിന് രക്തധമനികളെ വികസിപ്പിച്ച് കൂടുതല്‍ രക്തം കടത്തി വിടാനുള്ള കഴിവുണ്ട്.  വൈറ്റമിൻ ബി 1,പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നിവ ധാരാള‌മായി തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്നു. തണ്ണിമത്തനിൽ 94 ശതമാനവും ജലാംശമാണ്. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ തണ്ണിമത്തൻ ജ്യൂസായോ അല്ലാതെയോ കഴിക്കാവുന്നതാണ്.