ഹൈദരാബാദ്:  ഈ കപ്പില്‍ പാനീയങ്ങള്‍ കുടിച്ചാല്‍ രണ്ട് ഗുണങ്ങളാണുള്ളത്, ദാഹം മാത്രമല്ല വിശപ്പും മാറും, മാലിന്യവും ഇല്ല. വലിച്ചെറിയുന്ന പേപ്പര്‍, പ്ലാസ്റ്റിക് കപ്പുകള്‍ക്ക്  വിട നല്‍കി ഭക്ഷ്യയോഗ്യമായ കപ്പുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഒരു സ്വകാര്യ കമ്പനി. ചൂടുള്ളതും തണുത്തതുമായ ഏത് പാനീയവും ഈ കപ്പില്‍ കുടിക്കാം. ദാഹം മാറ്റിയ ശേഷം കപ്പ് കഴിക്കുകയും ചെയ്യാം.

'ഈറ്റ് കപ്പ്' എന്ന് പേരിട്ട കപ്പ് പ്രകൃതിദത്തമായ ധാന്യങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രകൃതിക്കും മനുഷ്യനും ദോഷകരമാകുന്ന ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നാണ് കമ്പനിയുടെ അവകാശവാദം. പാരിസ്ഥിതിക ആഘാതങ്ങള്‍ കുറയ്ക്കാനും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൗ ഓക്സൈഡിന്‍റെ അളവ് കുറയ്ക്കാനും പുതിയ തീരുമാനം സഹായകമാകുമെന്നും കമ്പനി സിഇഒ അശോക് കുമാര്‍ പറഞ്ഞു. കൃത്രിമ വസ്തുക്കള്‍ ഉപയോഗിക്കാത്തതിനാല്‍ കപ്പിലെ പാനീയങ്ങളുടെ രുചിയില്‍ മാറ്റമുണ്ടാകില്ലെന്നും കമ്പനി അവകാശപ്പെടുന്നു.