ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളും ഭക്ഷണത്തിലൂടെ ലഭ്യമാകണമെങ്കില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും കഴിച്ചേ മതിയാകൂ. എന്നാല്‍ പലപ്പോഴും പച്ചക്കറികളും പഴങ്ങളും കഴിക്കുമ്പോള്‍ ആളുകളില്‍ വലിയ തോതിലുള്ള ഭയമാണ് കണ്ടുവരാറ്. കൃഷിയിടങ്ങളില്‍ വച്ച് മാരകമായ കീടനാശിനിപ്രയോഗത്തിന് ഇരയായ ശേഷമാണ് ഇവയെല്ലാം നമ്മുടെ മാര്‍ക്കറ്റിലേക്ക് വരുന്നത്, അതിനാല്‍ തന്നെ ഇവ കഴിക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്കാണ് നമ്മെ നയിക്കുക എന്നതാണ് സാധാരണക്കാരുടെ ബോധം.

ഈ ഒരൊറ്റക്കാരണം കൊണ്ട് തന്നെ ആളുകള്‍ പച്ചക്കറിയും പഴങ്ങളും കഴിക്കുന്നത് വളരെയധികം കുറഞ്ഞിട്ടുണ്ടെന്നാണ് ഫുഡ് എക്‌സ്പര്‍ട്ടുകള്‍ അഭിപ്രായപ്പെടുന്നത്. അടുത്തിടെ നടന്നൊരു പഠനം പറയുന്നത് 76 മുതല്‍ 87 ശതമാനം വരെയുള്ള അമേരിക്കക്കാര്‍ ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും കഴിക്കുന്നില്ലെന്നാണ്. 

അമേരിക്കയില്‍ മാത്രമല്ല, നമ്മുടെ രാജ്യത്തും ഇക്കാരണം കൊണ്ട് ആളുകള്‍ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിലെ അളവ് കുത്തനെ കുറഞ്ഞിട്ടുണ്ട്. നിത്യജീവിതത്തില്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് വഴിയൊരുക്കും. മാത്രമല്ല, ക്രമേണ പല അസുഖങ്ങളിലേക്കെത്തിക്കാനും ഇത് മതിയാകും. അതിനാല്‍ കീടനാശിനിപ്പേടി മാറ്റിവച്ച് പച്ചക്കറികളും പഴങ്ങളുമെല്ലാം വാങ്ങിക്കഴിച്ചേ മതിയാകൂ എന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. 

പേടിയോടെ ഭക്ഷണം കഴിക്കുന്നത് വീണ്ടും ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുമെന്നും അതിനാല്‍ പേടി മാറ്റിവച്ചുകൊണ്ട് തന്നെ കഴിക്കേണ്ടതുണ്ടെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ചെയ്യേണ്ടത് ഇത്രമാത്രമാണ്, പച്ചക്കറിയാകട്ടെ പഴങ്ങളാകട്ടെ നല്ലത് പോലെ കഴുകി വൃത്തിയാക്കുകയോ, വെള്ളത്തില്‍ മുക്കി അല്‍പനേരം വയ്ക്കുകയോ ചെയ്ത ശേഷം ഉപയോഗിക്കുക. ചെറിയ കീടങ്ങള്‍, പ്രാണികള്‍ എന്നിവയെ എല്ലാം തുരത്തുന്നതിനാണ് പ്രധാനമായും പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനി പ്രയോഗിക്കുന്നത്. അത് അളവില്‍ കൂടിയെങ്കില്‍ മാത്രമേ മനുഷ്യരില്‍ സാരമായ പ്രശ്‌നങ്ങളുണ്ടാകൂ എന്ന് മനസിലാക്കുക. അതോടൊപ്പം തന്നെ, എന്തും ഉപയോഗിക്കുന്നതിന് മുമ്പ് തീര്‍ച്ചയായും നല്ലത് പോലെ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. കീടനാശിനിപ്പേടിയില്‍ ആരോഗ്യം കൈമോശം വരാതെ നമുക്ക് കാത്തുസൂക്ഷിക്കാം.