ഹാംപ്ഷെയര്‍: ഫ്രൈഡ് ചിക്കനില്‍ നിന്ന് ആറുവയസുകാരിക്ക് കിട്ടിയത് സര്‍ജിക്കല്‍ മാസ്കിന്‍റെ ഭാഗങ്ങള്‍. ഇംഗ്ലണ്ടിലെ ഹാംപ്ഷെയറിലെ മക്ഡൊണാള്‍സില്‍ നിന്നും ചിക്കന്‍ വിഭവം വാങ്ങിയ ആറുവയസുകാരിയും അമ്മയുടേതുമാണ് ആരോപണം. മകള്‍ ചിക്കന്‍ കഴിക്കുന്നതിനിടയില്‍ ശ്വാസം മുട്ടുന്നത് ശ്രദ്ധിച്ച അമ്മയാണ് ചിക്കനുള്ളില്‍ തുണിപോലെ ഒരു വസ്തു ശ്രദ്ധിക്കുന്നത്. 

വിശദമായ പരിശോധനയിലാണ് തുണിയല്ല സര്‍ജിക്കല്‍ മാസ്കിന്‍റെ ഭാഗമാണ് ഇതെന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം. ലോറ ആര്‍ബര്‍ എന്ന മുപ്പത്തിരണ്ടുകാരിക്കും മാഡിയെന്ന ആറുവയസുകാരിക്കുമാണ് വിചിത്ര അനുഭവം നേരിട്ടത്. സംഭവത്തേക്കുറിച്ച് പരാതിപ്പെട്ടതോടെ അന്വേഷിക്കുമെന്ന് മക്ഡൊണാള്‍സ് വ്യക്തമാക്കി. ഏറെ ബുദ്ധിമുട്ടിയാണ് മകളുടെ തൊണ്ടയില്‍ നിന്ന് ഇറച്ചിയില്‍ കുടുങ്ങിയ വസ്തു പുറത്തെടുത്തതെന്നാണ് ലോറ പയുന്നത്. വേവിച്ച ഇറച്ചിക്കൊപ്പം ച്യൂയിഗം പോലെയായിരുന്നു മാസ്കിന്‍റെ ചില ഭാഗങ്ങളെന്നും ഇവര്‍ പറയുന്നു.

കൃത്യസമയത്ത് ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്താണ് സംഭവിക്കുകയെന്നതിനേക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന് യുവതി ബിബിസിയോട് പറഞ്ഞു. സന്തോഷം തരുന്ന ഭക്ഷണം സുരക്ഷിതമായിരിക്കണമെന്ന് ഉറപ്പില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ വീഴ്ചകള്‍ ഉണ്ടാവാതിരിക്കാന്‍ ഏറെ ശ്രദ്ധിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് മക്ഡൊണാള്‍സ് പറയുന്നത്. നിരവധി നിലവാര പരിശോധനകള് കടന്നുവരുന്ന ഉത്പന്നത്തില്‍ ഇത്തരമൊരു വീഴ്ച സംഭവിച്ചുവെന്ന പരാതി ഗുരുതരമാണ്. അന്വേഷിച്ച് വസ്തുത കണ്ടെത്തുമെന്നാണ് മക്ഡൊണാളഅ‍സ് സംഭവത്തില്‍ ബിബിസിയോട് പ്രതികരിച്ചത്.