Asianet News MalayalamAsianet News Malayalam

പിസ ബേക്ക് ചെയ്യാന്‍ വച്ചു; ഓവന്‍ തുറന്നപ്പോള്‍ കണ്ടത്...

ചൂട് സെറ്റ് ചെയ്ത് ഓവന്‍ ഓണ്‍ ചെയ്ത് അല്‍പസമയം കഴിഞ്ഞപ്പോഴേക്ക് ഓവനില്‍ നിന്ന് കടുത്ത രീതിയില്‍ പുക പുറത്തുവരാന്‍ തുടങ്ങി. അതോടൊപ്പം തന്നെ രൂക്ഷമായ എന്തോ ഗന്ധവും. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് ആംബെറിന് മനസിലായില്ല. പുകയും ഗന്ധവും കണ്ട് അടുത്തേക്ക് വന്ന മക്കളെ അവിടെ നിന്ന് മാറ്റി

family got baked snake after they were trying to bake a pizza
Author
North Carolina, First Published Jan 4, 2020, 9:32 PM IST

നോര്‍ത്ത് കരോളിനയില്‍ കാടിനോട് അടുത്ത് കിടക്കുന്നൊരു പ്രദേശത്താണ് ആംബെര്‍ ഹെല്‍മും ഭര്‍ത്താവ് റോബര്‍ട്ടും രണ്ട് മക്കളും താമസിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഡിന്നറിന് കഴിക്കാനായി ഇവര്‍ പിസയുണ്ടാക്കാന്‍ തീരുമാനിച്ചു. അങ്ങനെ പിസ തയ്യാറാക്കിയ ശേഷം ബേക്ക് ചെയ്യാനായി മൈക്രോ വേവ് ഓവനില്‍ വച്ചു.

ചൂട് സെറ്റ് ചെയ്ത് ഓവന്‍ ഓണ്‍ ചെയ്ത് അല്‍പസമയം കഴിഞ്ഞപ്പോഴേക്ക് ഓവനില്‍ നിന്ന് കടുത്ത രീതിയില്‍ പുക പുറത്തുവരാന്‍ തുടങ്ങി. അതോടൊപ്പം തന്നെ രൂക്ഷമായ എന്തോ ഗന്ധവും. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് ആംബെറിന് മനസിലായില്ല. പുകയും ഗന്ധവും കണ്ട് അടുത്തേക്ക് വന്ന മക്കളെ അവിടെ നിന്ന് മാറ്റി.

ഓവന് എന്തോ സംഭവിച്ചതാണെന്നും, ഒരുപക്ഷേ അത് പൊട്ടിത്തെറിച്ചേക്കാമെന്നുമെല്ലാമാണ് ആംബെര്‍ കരുതിയത്. വൈകാതെ റോബര്‍ട്ടും അടുക്കളയിലേക്ക് ഓടിയെത്തി. റോബര്‍ട്ടാണ് ഓവന്‍ ഓഫ് ആക്കിയ ശേഷം പതിയെ തുറന്നുനോക്കിയത്. അസഹനീയമായ ഗന്ധമായിരുന്നു അകത്തുനിന്ന് വന്നത്.

മൂക്ക് പൊത്തിക്കൊണ്ടാണ് റോബര്‍ട്ട് ഓവന്‍ പരിശോധിച്ചത്. അങ്ങനെ പിസ വച്ചിരുന്ന ഗ്രില്ലിന് താഴെയായി എന്തോ സാധനം കിടക്കുന്നതായി റോബര്‍ട്ട് കണ്ടു. പതിയെ കരണ്ടി ഉപയോഗിച്ച് നീക്കി ഒരു കാര്‍ഡ്‌ബോര്‍ഡിലേക്ക് പകര്‍ത്തിനോക്കിയപ്പോഴാണ് മനസിലായത്, സംഗതി ഒരു പാമ്പാണ്. എപ്പോഴോ അറിയാതെ ഓവന് അകത്ത് കയറിയതായിരിക്കണം. എന്തായാലും പിസ ബേക്ക് ചെയ്യാനായി ഓവന്‍ ഓണ്‍ ചെയ്തപ്പോള്‍ ചത്തുപോയതാണ്.

തങ്ങള്‍ക്ക് ആകെ ഷോക്ക് ആയിപ്പോയെന്നാണ് ആംബെര്‍ ഈ സംഭവത്തെക്കുറിച്ച് പറയുന്നത്. കാടിനടുത്താണ് വീട് എന്നതുകൊണ്ട് തന്നെ ഇതുപോലെ ഇടയ്ക്ക് പാമ്പുകള്‍ വീട്ടുപരിസരത്തേക്കും വീട്ടിനകത്തേക്കുമെല്ലാം എത്താറുണ്ട്. എന്നാല്‍ ഇങ്ങനെയൊരു സംഭവം ആദ്യമാണെന്നും ആംബെര്‍ പറയുന്നു. എന്തായാലും പിസ ബേക്ക് ചെയ്യാന്‍ ഓവന്‍ ഓണ്‍ ആക്കിയ ശേഷം ബേക്ക്ഡ് ആയ പാമ്പിനെ കിട്ടിയ കുടുംബത്തിന്റെ കഥ കരോളിനയില്‍ മാത്രമല്ല, അതിന് പുറത്തും ശ്രദ്ധ നേടിയിരിക്കുകയാണിപ്പോള്‍.

Follow Us:
Download App:
  • android
  • ios