വടക്കേ മലബാറിന്റെ രുചിക്കൂട്ടുകളില്‍ ഏറ്റവും പ്രശസ്തമാണ് കണ്ണൂരിന്റെ തനത് വിഭവങ്ങള്‍. തലശ്ശേരി ബിരിയാണിയും അരിപ്പത്തിരിയും പത്തിലും കല്ലുമ്മക്കായ ഫ്രൈയും ഒക്കെ കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ കൊതിക്കപ്പലോടാന്‍ തുടങ്ങും. 

കേരളത്തിനകത്ത് മാത്രമല്ല കണ്ണൂര്‍ വിഭവങ്ങള്‍ക്ക് പേര്. കേരളത്തിന് പുറത്തും, കൂടാതെ മലയാളികളുള്ള പുറംനാടുകളില്‍ ചിലയിടങ്ങളിലുമെല്ലാം ഈ രുചിയേറും വിഭവങ്ങള്‍ സ്വീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനി കളി മാറുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ ഒരു ഷെഫ് ആണ് ഗോര്‍ഡന്‍ രാംസേ. ബ്രിട്ടണ്‍ സ്വദേശിയായ ഇദ്ദേഹം ഒരു ഷെഫ് മാത്രമല്ല, ലോകത്തെ പലയിടങ്ങളിലും സഞ്ചരിച്ച് അവിടെയുള്ള ഭക്ഷണത്തെക്കുറിച്ചെല്ലാം വിശദമായ ഡോക്യുമെന്ററികള്‍ തയ്യാറാക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. 

 

 

ഗോര്‍ഡന്‍ തന്റെ 'അണ്‍ചാര്‍ട്ടഡ്' എന്ന പുതിയ സീരീസിന് വേണ്ടി കണ്ണൂരിലെത്തിയെന്നതാണ് പുതിയ വിശേഷം. പ്രാദേശികമായി, ഓരോ നാടുകളിലുമുള്ള ഭക്ഷണത്തെക്കുറിച്ചുള്ള പരിപാടിയാണ് 'അണ്‍ചാര്‍ട്ടഡ്'. 'നാഷണല്‍ ജ്യോഗ്രഫിക്' ചാനലിലാണ് ഇത് സംപ്രേഷണം ചെയ്യുന്നത്. ഇനി വരാനിരിക്കുന്ന ഭാഗങ്ങളില്‍ കണ്ണൂരിന്റെ വിഭവങ്ങളെക്കുറിച്ച് കൂടി ഉള്‍പ്പെടുത്താനാണത്രേ ഗോര്‍ഡന്റെ പദ്ധതി. 

വളരെയധികം പ്രേക്ഷകരുള്ള ഒരു പരിപാടിയായതിനാല്‍ തന്നെ 'അണ്‍ചാര്‍ട്ടഡി'ല്‍ ഉള്‍പ്പെടുന്നതോടെ നമ്മുടെ വിഭങ്ങളുടെ പേരും പെരുമയും കടല് കടന്ന് പല രാജ്യങ്ങളിലുമെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരുപക്ഷേ വളരെ വൈകാതെ ന്യൂയോര്‍ക്കിലോ ലണ്ടനിലോ ഉള്ള മള്‍ട്ടിസ്റ്റാര്‍ ഹോട്ടലിലെ മെനുവിലും കണ്ണൂര്‍ വിഭവങ്ങളെത്തിയേക്കാം. എന്തായാലും ഇത് കണ്ണൂരുകാരെ സംബന്ധിച്ചിടത്തോളവും കേരളത്തെ സംബന്ധിച്ചിടത്തോളവും ഏറെ അഭിമാനിക്കാവുന്ന ഒരു വാര്‍ത്ത തന്നെയാണ്.