കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്.
നമ്മുടെ സമൂഹത്തില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ജീവിത ശൈലീ രോഗങ്ങളില്‍ ഒന്നാണ് പ്രമേഹം. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കുന്ന ചില ലഘുഭക്ഷണങ്ങളെ അഥവാ സ്നാക്സുകളെ പരിചയപ്പെടാം.
1. വറുത്ത ചെറുപയർ
കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ, ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ ചെറുപയർ ഒലീവ് ഓയില്‍ ഉപയോഗിച്ച് വറുത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്. പയര്‍ മുളപ്പിച്ച് കഴിക്കുന്നതും നല്ലതാണ്.
2. വേവിച്ച വെള്ളക്കടല
ഫൈബര്‍ ധാരാളം അടങ്ങിയതാണ് വെള്ളക്കടല. കൂടാതെ ഇവയില്‍ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ വെള്ളക്കടല വേവിച്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
3. നട്സ്
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കും.
4. ഗ്രീക്ക് യോഗര്‍ട്ട്- വാള്‍നട്സ്
പ്രോട്ടീന്‍ അടങ്ങിയതും പ്രോബയോട്ടിക് ഗുണങ്ങളുള്ളതുമാണ് ഗ്രീക്ക് യോഗര്‍ട്ട്. ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വാള്‍നട്സ് ഗ്രീക്ക് യോഗര്‍ട്ടിലിട്ട് കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
5. ആപ്പിള്‍- പീനട്ട് ബട്ടര്‍
നാരുകളാലും ആന്‍റി ഓക്സിഡന്‍റുകളാലും സമ്പന്നമാണ് ആപ്പിള്‍. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയതാണ് പീനട്ട് ബട്ടര്‍. അതിനാല്‍ ആപ്പിളില്‍ പീനട്ട് ബട്ടര്‍ പുരട്ടി കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ശരീരത്തിൽ അയേണിന്‍റെ കുറവുണ്ടോ? ഈ ഒരൊറ്റ പച്ചക്കറി കഴിക്കൂ, പരിഹരിക്കാം
