വീടിനും സ്‌കൂളിനുമടുത്തെല്ലാം ബേക്കറിക്കടകളും ഹോട്ടലുകളുമുണ്ടെങ്കില്‍ കുട്ടികള്‍ക്ക് ഭക്ഷണത്തോടുള്ള ഭ്രമം സ്വല്‍പം കൂടും. കയ്യില്‍ എത്ര ചെറിയ തുക കിട്ടിയാലും അത് ആദ്യം ഭക്ഷണത്തിനായി ചിലവഴിക്കാനായിരിക്കും മിക്കവാറും ഇത്തരത്തില്‍ ജീവിക്കുന്ന കുട്ടികള്‍ ശ്രമിക്കുക. എന്നാല്‍ ഇത് എത്രമാത്രം അപകടം പിടിച്ച പ്രവണതയാണെന്ന് തുറന്നുകാണിക്കുകയാണ് 'ഒബിസിറ്റി' എന്ന ആരോഗ്യമാസികയില്‍ വന്നൊരു പഠനം 

വീടിനും സ്‌കൂളിനുമടുത്തെല്ലാം ബേക്കറിക്കടകളും ഹോട്ടലുകളുമുണ്ടെങ്കില്‍ കുട്ടികള്‍ക്ക് ഭക്ഷണത്തോടുള്ള ഭ്രമം സ്വല്‍പം കൂടും. കയ്യില്‍ എത്ര ചെറിയ തുക കിട്ടിയാലും അത് ആദ്യം ഭക്ഷണത്തിനായി ചിലവഴിക്കാനായിരിക്കും മിക്കവാറും ഇത്തരത്തില്‍ ജീവിക്കുന്ന കുട്ടികള്‍ ശ്രമിക്കുക. 

എന്നാല്‍ ഇത് എത്രമാത്രം അപകടം പിടിച്ച പ്രവണതയാണെന്ന് തുറന്നുകാണിക്കുകയാണ് 'ഒബിസിറ്റി' എന്ന ആരോഗ്യമാസികയില്‍ വന്നൊരു പഠനം. അതായത്, കുട്ടികളില്‍ അനാരോഗ്യകരമായ ഭക്ഷണരീതികള്‍ ശീലമായി മാറാനും അതുവഴി പൊണ്ണത്തടിയുണ്ടാകാനും ഈ സാഹചര്യം ഇടയാക്കുമെന്നാണ് പഠനത്തില്‍ വിദഗ്ധര്‍ വിശദീകരിക്കുന്നത്.

പ്രധാനമായും ജങ്ക് ഫുഡാണ് കുട്ടികളെ ഇങ്ങനെ എളുപ്പത്തില്‍ സ്വാധീനിക്കുന്നതെന്നും, ഈ ശീലം പിന്നീട് ഉപേക്ഷിക്കാനാകാത്ത വിധത്തില്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. അഞ്ച് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളില്‍ ഈ പ്രവണതയ്ക്കുള്ള സാധ്യതകള്‍ ധാരാളമായി കാണുന്നതായും ഇക്കാലയളവില്‍ തന്നെ കുട്ടികളുടെ ഭക്ഷണരീതിയെ ആരോഗ്യകരമാം വിധം ക്രമീകരിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇവര്‍ വിശദീകരിക്കുന്നു. 

പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങള്‍ക്ക് എളുപ്പത്തില്‍ വഴങ്ങിക്കൊടുക്കാന്‍ തക്ക രീതിയില്‍ ഭാവിയില്‍ കുട്ടികളുടെ ശരീരം മാറുമെന്നും, കടുത്ത ഭക്ഷണനിയന്ത്രണങ്ങളിലേക്ക് പിന്നീട് കടക്കേണ്ട അവസ്ഥയുണ്ടാകുമെന്നും കൂടി പഠനം താക്കീതിന്റെ സ്വരത്തില്‍ പറയുന്നു.