ദില്ലി: തെലങ്കാന, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മായം ചേര്‍ത്ത പാല്‍ വില്‍ക്കപ്പെടുന്നതെന്ന് പഠനം. ദേശീയ പാല്‍ സുരക്ഷ സംപിള്‍ സര്‍വേയില്‍ നിന്നാണ് ഈ കണക്ക് വരുന്നത്. ദേശീയ ഭക്ഷ്യ സുരക്ഷ ഗുണമേന്‍മ അതോററ്ററി (എഫ്എസ്എസ്എഐ) ആണ് സര്‍വേ നടത്തിയത്. മെയ് 2018 മുതല്‍ ഒക്ടോബര്‍ 2018വരെ രാജ്യത്തിലെ 1,103 സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച 6,432 സംപിളുകള്‍ വച്ചാണ് പഠനം നടത്തിയത്. സംപിളുകളില്‍ 40.5 ശതമാനം സംസ്കരണം ചെയ്ത പാല്‍ ആയിരുന്നു. ബാക്കി സാധാരണ പാലും.

സംസ്കരിച്ച പാലില്‍ വലിയ ബ്രാന്‍റുകളുടെ അടക്കം പാലുകളില്‍ 37.7 ശതമാനം എഫ്എസ്എസ്എഐയുടെ ഗുണമേന്‍മ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പരാജയപ്പെട്ടുവെന്നാണ് സര്‍വേ പറയുന്നത്. ഇതില്‍ തന്നെ 10.4 ശതമാനം സംപിളുകള്‍. അതായത് ആകെ ശേഖരിച്ച സംപിളുകളില്‍ 2,607 എണ്ണം  യാതൊരു സുരക്ഷയും ഇല്ലാത്തതാണെന്നും തെളിഞ്ഞു. സംസ്കരിക്കാത്ത പാലിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സംപിളുകളുടെ എണ്ണം 3,825 ആയിരുന്നു. അതായത് 47 ശതമാനം. അഫ്ലക്സടോക്സിന്‍-എം1, ആന്‍റി ബയോടിക്സ്, കീടനാശിനി എന്നിവയുടെ സാന്നിധ്യം ഈ സാമ്പിളുകളില്‍ കാണപ്പെട്ടു.

സംസ്കരിച്ച പാലില്‍ സംസ്കരണ സമയത്തും, മറ്റ് പാലില്‍ പശുവിന് നല്‍കുന്ന കാലിതീറ്റയിലൂടെയും മറ്റ് വസ്തുക്കള്‍ കലരുന്നത് വലിയ വെല്ലുവിളിയാണ് എന്നാണ് എഫ്എസ്എസ്എഐയുടെ കണ്ടെത്തല്‍. പാലില്‍ മായം ചേര്‍ക്കുന്നു എന്നാണ് പൊതുവില്‍ ജനങ്ങള്‍ കരുതുന്നെങ്കിലും പാല്‍ അശുദ്ധമാക്കുന്ന രീതിയില്‍ മറ്റു വസ്തുക്കള്‍ പാലില്‍ എത്തുന്നതാണ് ഏറ്റവും വലിയ ഭീഷണി എന്നാണ് എഫ്എസ്എസ്എഐ പറയുന്നത്.

തമിഴ്നാട്, കേരളം, ദില്ലി എന്നിവിടങ്ങളിലെ സംപിളില്‍ നിന്നാണ് അഫ്ലക്സടോക്സിന്‍-എം1ന്‍റെ സാന്നിധ്യം കൂടുതല്‍ കണ്ടെത്തിയത്. കരളിന്‍റെ പ്രവര്‍ത്തനത്തെപ്പോലും ബാധിക്കുന്ന തരത്തിലാണ് ഈ രാസ വസ്തുവിന്‍റെ സാന്നിധ്യം എന്നാണ് കണ്ടെത്തല്‍.അഫ്ലക്സടോക്സിന്‍-എം1 പ്രധാനമായും പാലില്‍ എത്തുന്ന കാലിതീറ്റയിലൂടെയാണ്. ഇത് ഇന്ത്യയില്‍ ഇതുവരെ നിയന്ത്രിക്കപ്പെട്ടില്ലെന്ന് സര്‍വേ ചൂണ്ടികാട്ടുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം വിശദമായ പാല്‍ സുരക്ഷ സര്‍വേ നടത്തുന്നത്. ഈ സര്‍വേയുടെ അടിസ്ഥാനത്തില്‍ ദേശീയ ഭക്ഷ്യ സുരക്ഷ അതോററ്ററി പാലിന്‍റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഡയറി തലത്തില്‍ 2020 തുടക്കം മുതല്‍ ഇടപെടുമെന്നാണ് എഫ്എസ്എസ്എഐ  അറിയിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമാണ് ഇന്ത്യ. 2017-18 കൊല്ലത്തിലെ കണക്ക് പ്രകാരം ഇന്ത്യയിലെ പാല്‍ ഉത്പാദനം 176.35 ദശലക്ഷം ടണ്‍ വരുമെന്നാണ് കണക്ക്.