രാവിലെ ചമ്മന്തി അരയ്ക്കുന്നത് ഒരു വലിയ ജോലിയായി തോന്നാറുണ്ടോ? എങ്കിൽ ഈ പച്ചച്ചമ്മന്തി പ്രീമിക്സ് ഉണ്ടാക്കി വെച്ചോളൂ.
രാവിലെ ദോശയും ഇഡ്ഡലിയുമൊക്കെ ഉണ്ടാക്കുമ്പോൾ സമയമില്ലാത്ത സമയത്ത് ചമ്മന്തി അരയ്ക്കുന്നത് ഒരു വലിയ ജോലിയായി തോന്നാറുണ്ടോ? എങ്കിൽ ഈ പച്ചച്ചമ്മന്തി പ്രീമിക്സ് ഉണ്ടാക്കി വെച്ചോളൂ. വേനൽക്കാലത്ത് ദിവസങ്ങളോളം കേടുവരാതിരിക്കാൻ ഇങ്ങനെ സൂക്ഷിച്ചാൽ മതി.
വേണ്ട ചേരുവകൾ
കേടുവരാത്ത മല്ലിയില, പുതിനയില, ആവശ്യത്തിന് പച്ചമുളകും ഇഞ്ചിയും. ചമ്മന്തിക്ക് കൊഴുപ്പ് കിട്ടാൻ പൊട്ടുകടല. രുചിക്ക് ഉപ്പും ചാട്ട് മസാലയും.
തയ്യാറാക്കുന്ന വിധം
ആദ്യം ഇലകൾ നന്നായി കഴുകി ഒരു കോട്ടൺ തുണിയിൽ നിരത്തി വെള്ളം പൂർണ്ണമായി കളയുക. ഈർപ്പം തങ്ങി നിൽക്കാൻ പാടില്ല. ഇലകളും പച്ചമുളകും ഇഞ്ചിയും നന്നായി ഉണക്കിയെടുക്കണം. ഉണങ്ങിയ ഈ ചേരുവകൾ ഒട്ടും വെള്ളമില്ലാത്ത മിക്സി ജാറിലിട്ട് പൊട്ടുകടല, ഉപ്പ്, ചാട്ട് മസാല എന്നിവ ചേർത്ത് നന്നായി പൊടിച്ചെടുത്താൽ മതി.
സൂക്ഷിക്കുന്ന രീതി
ഇങ്ങനെ തയ്യാറാക്കിയ പച്ചച്ചമ്മന്തിപ്പൊടി വായു കടക്കാത്ത ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെച്ചാൽ മാസങ്ങളോളം ഫ്രഷായിരിക്കും.
ഉപയോഗിക്കേണ്ട വിധം
ചമ്മന്തി ആവശ്യമുള്ളപ്പോൾ ഒരു സ്പൂൺ പൊടിയെടുത്ത് ഒരു കപ്പിലിടുക. ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സ് ചെയ്യുക. അതിലേക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീര് കൂടി ചേർത്താൽ കടയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിലുള്ള ഫ്രഷ് പച്ചച്ചമ്മന്തി തയ്യാർ. നേരത്തെ തയ്യാറാക്കി വെയ്ക്കുന്നതിലൂടെ സമയം ലഭിക്കാനും സാധിക്കും.


