മുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി പ്രധാനമായി കഴിക്കേണ്ടത്. മുടി വളരാൻ ഇലക്കറികൾ, പയർ വർ​ഗങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. മുടി ബലമുള്ളതാക്കാനും ആരോ​ഗ്യത്തോടെ തഴച്ച് വളരാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നാണ് ഇനി പറയാൻ പോകുന്നത്...

മുട്ട...

വിറ്റാമിൻ, പ്രോട്ടീൻ, ഒമേ​ഗ 6 ഫാറ്റി ആസിഡ് എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. മുടി ആരോ​​ഗ്യത്തോടെ വളരാൻ ഏറ്റവും നല്ല ഭക്ഷണമാണ് മുട്ട. ദിവസവും ഭക്ഷണത്തിൽ ഓരോ മുട്ട വീതം ഉൾപ്പെടുത്താം. മുട്ടയുടെ വെള്ള തലയിൽ പുരട്ടുന്നത്  മുടിയ്ക്ക് ബലം കിട്ടാൻ സഹായിക്കും.  

ക്യാരറ്റ്...

വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുള്ള ക്യാരറ്റ് മുടി തഴച്ച് വളരാൻ സഹായിക്കുന്നു. ക്യാരറ്റ് മിശ്രിതമാക്കി തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. 

വെള്ളരിക്ക...

ശരീരത്തിലെ ഉഷ്‌മാവ് വര്‍ധിച്ചുനില്‍ക്കുന്നത് പലപ്പോഴും മുടികൊഴിച്ചിലിനും കഷണ്ടിക്കും കാരണമാകും. വെള്ളരിക്ക സ്ഥിരമായി കഴിച്ചാല്‍ ശരീരത്തിലെ ഉഷ്‌മാവ് നന്നായി കുറയ്ക്കാനാകും. കൂടാതെ ഇതുകാരണമുണ്ടാകുന്ന മുടികൊഴിച്ചില്‍ 55 ശതമാനം കുറയ്ക്കാനുമാകും. ഒരു ദിവസം എത്ര അളവില്‍ വേണമെങ്കിലും വെള്ളരിക്ക കഴിക്കാം.  ദിവസവും കുറഞ്ഞത് 400 ഗ്രാം വെള്ളരിക്ക കഴിക്കണമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്.

ബദാം..

ബദാമില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള ബയോട്ടിന്‍, മുടി വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ്. സ്ഥിരമായി ബദാം കഴിച്ചാല്‍, ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ മുടി വളര്‍ച്ച വര്‍ധിക്കും. 

അവക്കാഡോ...

 ദിവസവും ഓരോ അവോക്കാഡോ വീതം കഴിക്കുന്നത് മുടി കൂടുതൽ ബലമുള്ളതാക്കുന്നു. അവോക്കാഡോ നന്നായി അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ കുറയുകയും, മുടി തഴച്ചുവളരുകയും ചെയ്യും.