വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രമിക്കുക. രാത്രി കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവ കുറഞ്ഞ അളവിലായിരിക്കണം. 

വണ്ണം കുറയ്ക്കാന്‍ ഇരുന്നൂറ് വഴികള്‍ പരീക്ഷിച്ചു, എന്നിട്ടും പ്രയോജനമില്ലെന്ന് പറയുന്നവരാണ് പലരും. ശരിയായ സമയത്ത് ശരിയായ ഭക്ഷണം എന്നതാണ് വണ്ണം കുറയ്ക്കാനുള്ള ഒരേയൊരു വഴി. ഒപ്പം വ്യായാമവും വേണം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രമിക്കുക. രാത്രി കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവ കുറഞ്ഞ അളവിലായിരിക്കണം. 

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

നട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. നട്സ് പെട്ടെന്ന് വയര്‍ നിറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ രാത്രി കഴിക്കുന്നത് നല്ലതാണ്.

രണ്ട്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. രാത്രി ചോറിന് പകരം ഇവ കഴിക്കാം. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഓട്സ് സഹായിക്കും.

മൂന്ന്...

ആപ്പിൾ കഴിച്ചാൽ ഡോക്ടറെ മാത്രമല്ല, അമിത വിശപ്പിനെയും അകറ്റാവുന്നതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതിനാല്‍ രാത്രി ഒരു ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. 

നാല്... 

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഒപ്പം കലോറി വളരെ കുറവുമായതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണിത്. 

രാത്രികാലങ്ങളിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ...

റെഡ് മീറ്റ്, കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ, മധുര പലഹാരങ്ങള്‍, പോപ്കോണ്‍, ചീസ്, പിസ, ഫ്രഞ്ച് ഫ്രൈസ്, ഐസ്ക്രീം, ഉരുളക്കിഴങ്ങ് തുടങ്ങിയവ അത്താഴത്തിന് ഒഴിവാക്കുന്നതാണ് നല്ലത്. 

Also Read: കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും മൂന്ന് പഴങ്ങള്‍; ഉപയോഗിക്കേണ്ടത് ഇങ്ങനെ...