അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. കാലറി കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങൾ കുടവയർ കുറയ്ക്കാൻ സഹായിക്കും. ഈ വേനൽക്കാലത്ത് കഴിക്കേണ്ടതും അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതുമായ 5 തരം ഭക്ഷണങ്ങൾ ഇതാ...

ഓട്സ്....

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് ഓട്സ്. ഓട്സ് രാവിലെ പാലിൽ ചേർത്തോ അല്ലാതെയോ കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ഓട്സിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറെ സഹായിക്കും. 

തണ്ണിമത്തൻ...

 90 ശതമാനത്തിലധികം ജലം അടങ്ങിയ തണ്ണിമത്തൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഫലമാണ്. വയറു നിറയാൻ സഹായിക്കുന്നതോടൊപ്പം ഡീഹൈഡ്രേഷൻ (നിര്‍ജലീകരണം) തടയുന്നു, ദാഹമകറ്റുന്നു. ജീവകങ്ങൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളമടങ്ങിയ ഈ ഫലം ഹൃദ്രോഗം, കാൻസർ തുടങ്ങി നിരവധി രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. 

ബ്രോക്കോളി ....

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി . വയറിന് ചുറ്റും അടിഞ്ഞ് കൂടുന്ന ഫാറ്റ് കുറയ്ക്കാന്‍ ബ്രോക്കോളി നല്ലതാണ്. അതുപോലെ ഭാരം കുറയ്ക്കാന്‍ ഉദേശിക്കുന്നവര്‍ക്കും മികച്ചതാണ് ബ്രോക്കോളി. 

കാപ്സിക്കം...

കാപ്സിക്കത്തിൽ കാപ്സെയ്സിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കളയാനും വിശപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയാൻ സഹായിക്കുന്നു. ദിവസവും 6 മി.ഗ്രാം കാപ്സിക്കം കഴിക്കുന്നത് സ്ത്രീപുരുഷന്മാരിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

പപ്പായ...

പപ്പായയെ അത്ര നിസാരമായി കാണേണ്ട. ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാൻ പപ്പായ സഹായിക്കുന്നു. പഴുത്ത പപ്പായയേക്കാൾ പച്ച പപ്പായ കഴിക്കുന്നതാണ് നല്ലത്. വയറു കുറയ്ക്കാൻ സഹായിക്കുന്ന പാപെയ്ൻ എന്ന എൻസൈം പഴുത്ത പപ്പായയേക്കാൾ പച്ച പപ്പായയിൽ ആണ് കൂടുതലായി ഉള്ളത്.