Asianet News MalayalamAsianet News Malayalam

ഈ ഭക്ഷണങ്ങൾ സ്തനാർബുദ സാധ്യത കൂട്ടാം...

ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. പുകവലി, അമിതമദ്യപാനം, അനാരോഗ്യ ഭക്ഷണരീതി തുടങ്ങിയവയെല്ലാം സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നുണ്ട്. 

Foods That May Increase Risk Of Breast Cancer
Author
First Published Jan 8, 2023, 6:00 PM IST

സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് സ്തനാര്‍ബുദം. ഇന്ത്യയില്‍ ഓരോ നാലു മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാര്‍ബുദം കണ്ടെത്തുന്നുണ്ടെന്നും ഓരോ എട്ട് മിനിറ്റിലും ഒരാള്‍ സ്തനാര്‍ബുദം മൂലം മരിക്കുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു. ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്.

പുകവലി, അമിതമദ്യപാനം, അനാരോഗ്യ ഭക്ഷണരീതി തുടങ്ങിയവയെല്ലാം സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നുണ്ട്.  ചില ഭക്ഷണസാധനങ്ങളും സ്തനാര്‍ബുദ സാധ്യത  ഉയര്‍ത്തുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. 

അത്തരത്തില്‍  സ്തനാർബുദ സാധ്യത വര്‍ധിപ്പിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

സംസ്കരിച്ച ഇറച്ചിയും മറ്റും കഴിക്കുന്ന സ്ത്രീകളിൽ സ്തനാർബുദ സാധ്യത കൂടുതൽ ആണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആർത്തവവിരാമം വന്ന സ്ത്രീകളിൽ, പ്രോസസ് ചെയ്ത ഇറച്ചി ദിവസം 9 ഗ്രാമിലധികം കഴിക്കുന്നത് സ്തനാർബുദത്തിന് സാധ്യത കൂട്ടും എന്ന് യുകെ ബയോബാങ്ക് പഠനം പറയുന്നു. 

രണ്ട്...

ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്ന സ്ത്രീകളിലും സ്തനാർബുദ സാധ്യത കൂടുതൽ ആണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫ്രഞ്ച് ഫ്രൈസ്, ചിപ്സ് തുടങ്ങിയ ഫാസ്റ്റ് ഫുഡുകളിൽ കാണുന്ന അക്രിലാമൈഡിന്റെ കൂടിയ അളവ് സ്തനാർബുദ സാധ്യത കൂട്ടുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ നടത്തിയ പഠനത്തില്‍ പറയുന്നു. 

മൂന്ന്...

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും സ്തനാർബുദ സാധ്യത കൂട്ടാം. ചൂടുള്ള എണ്ണയിൽ ഭക്ഷണങ്ങൾ വറുക്കുമ്പോൾ അവയിൽ ഹെറ്ററോസൈക്ലിക് അമീൻസ്, പോളി സൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ, അക്രിലാമൈഡ് തുടങ്ങിയ കാൻസറിനു കാരണമാകുന്ന സംയുക്തങ്ങൾ ഉണ്ടാകുന്നു. 

നാല്...

മധുരം നേരിട്ട് സ്തനാർബുദ കാരണം ആകുന്നില്ല. എന്നാൽ അധികമായി മധുരം കഴിക്കുന്നത് സ്തനാർബുദ സാധ്യത കൂട്ടിയേക്കാം. 

അഞ്ച്...

റിഫൈൻ ചെയ്ത അന്നജത്തിന്റെ ഉപയോഗവും സ്തനാർബുദ സാധ്യത കൂട്ടിയേക്കാം. അതിനാല്‍ വൈറ്റ് ബ്രഡ്, മധുരമുള്ള ബേക്ക് ചെയ്ത വസ്തുക്കൾ തുടങ്ങിയവയെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. 

ആറ്...

മദ്യപാനവും സ്തനാർബുദ സാധ്യത കൂട്ടിയേക്കാം എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം. 

Also Read: തൊണ്ടയിലെ ക്യാന്‍സര്‍; ഈ ലക്ഷണങ്ങൾ അറിയാതെ പോകരുത്...

Follow Us:
Download App:
  • android
  • ios