ലോകരാജ്യങ്ങളെയെല്ലാം ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വിദഗ്ധര്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നത് മുന്‍കരുതലുകള്‍ക്ക് തന്നെയാണ്. വൈറസ് ബാധിക്കാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെ പറ്റി നമ്മള്‍ ഒരുപാട് കേട്ടു. വൃത്തിയായി ശരീരം സൂക്ഷിക്കുക, തിരക്കും ആള്‍ക്കൂട്ടവും ആഘോഷങ്ങളും ഒഴിവാക്കുക, എന്തെങ്കിലും അണുബാധകളുണ്ടായാല്‍ ഉടന്‍ ചികിത്സ തേടുക അങ്ങനെ പല മാര്‍ഗനിര്‍ദേശങ്ങളും നമുക്ക് കിട്ടുന്നുണ്ട്. 

ഇതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഭക്ഷണം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് കൊറോണ എളുപ്പത്തില്‍ ബാധിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നമ്മള്‍ കണ്ടു. അതിനാല്‍ തന്നെ പ്രതിരോധ ശേഷിയുടെ കാര്യത്തില്‍ ആത്മവിശ്വാസം നേടിയേ പറ്റൂ. 

പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. ഇതിന് വേണ്ടി ചില ഭക്ഷണസാധനങ്ങള്‍ പ്രത്യേകമായി തെരഞ്ഞെടുത്ത് കഴിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള അഞ്ച് ഭക്ഷണസാധനങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

സിട്രസ് ഫ്രൂട്ട്‌സ് ധാരാളമായി കഴിക്കുന്നതിലൂടെ നമുക്ക് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. 

 

 

ഓറഞ്ച്, മുന്തിരി, നാരങ്ങ, കിവി തുടങ്ങിയവയെല്ലാം സിട്രസ് ഫ്രൂട്ട്‌സ് വിഭാഗത്തില്‍പ്പെടുന്നവയാണ്. ഇവയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സിയാണ് പ്രതിരോധശേഷി കൂട്ടാന്‍ നമ്മെ സഹായിക്കുന്നത്. 

രണ്ട്...

ബ്രൊക്കോളിയാണ് രണ്ടാമതായി ഈ പട്ടികയില്‍ പെടുന്ന ഭക്ഷണം. വിറ്റാമിന്‍-എ, വിറ്റാമിന്‍-സി, വിറ്റാമിന്‍- ഇ എന്നിവയാല്‍ സമ്പുഷ്ടമായ ബ്രൊക്കോളി പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ഫൈബറും ആരോഗ്യത്തിന് ഗുണകരമായി പ്രവര്‍ത്തിക്കുകയും ചെയ്യും. 

മൂന്ന്...

മൂന്നാമതായി പറയുന്ന ഘടകം മിക്കവാറും എല്ലാ വീടുകളിലും എപ്പോഴും കാണപ്പെടുന്ന ഒന്നാണ്. മറ്റൊന്നുമല്ല, വെളുത്തുള്ളിയെ പറ്റിയാണ് പറയുന്നത്. 

 

 

ചെറിയ അണുക്കള്‍ മൂലമുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാന്‍ വെളുത്തുള്ളിക്ക് പ്രത്യേക കഴിവുണ്ട്. അതിനാല്‍ത്തന്നെ പ്രതിരോധം എന്ന നിലയ്ക്ക് വെളുത്തുള്ളി കഴിക്കുന്നത് ഏറെ നല്ലതാണ്. 

നാല്...

വെളുത്തുള്ളി പോലെ തന്നെ മിക്ക അടുക്കളകളിലും കാണുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയിലടങ്ങിയിരിക്കുന്ന 'ജിഞ്ചറോള്‍' എന്ന പദാര്‍ത്ഥം ജലദോഷം, തൊണ്ടവേദന തുടങ്ങിയ പ്രശ്‌നങ്ങളെയെല്ലാം ഫലപ്രദമായി ചെറുക്കാന്‍ കഴിവുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രതിരോധമെന്ന വിധത്തില്‍ ഇഞ്ചിയും കഴിക്കുന്നത് ഉത്തമമാണ്. 

അഞ്ച്...

നമുക്കെല്ലാം അറിയാവുന്നതാണ്, ഒരു സാധാരണ ചേരുവ എന്നതില്‍ക്കവിഞ്ഞ് ധാരാളം മൂല്യമുള്ള ഒന്നാണ് മഞ്ഞള്‍. ഇതും അണുബാധകളെ ചെറുക്കാന്‍ കഴിവുള്ള ഒന്നാണ്.