വിശന്നിരിക്കുമ്പോള്‍ പെട്ടെന്ന് നമ്മൂടെ മാനസികാവസ്ഥ മോശമാകാറുണ്ട്, അല്ലേ? ശരീരത്തിന്റെ ആവശ്യത്തിനെ മനസ് കൂടി ഏറ്റെടുക്കുന്നതിനാലാണ് അങ്ങനെ സംഭവിക്കുന്നത്. ഭക്ഷണം കിട്ടിയാലുടന്‍ ഇതേ മാനസികാവസ്ഥയില്‍ നിന്ന് പെടുന്നനെ മാറ്റവും ഉണ്ടാകാം. 

ഇത് വളരെ സ്വാഭാവികമായ ഒരു പ്രതികരണം മാത്രമാണ്. അതായത് വിശന്നിരിക്കുമ്പോള്‍ മാനസികാവസ്ഥ മാറുന്നു, ഭക്ഷണം കിട്ടുമ്പോള്‍ തിരിച്ച് നല്ല നിലയിലാകുന്നു. എന്നാല്‍ ശരിക്കും ഭക്ഷണത്തിലൂടെ നമുക്ക് സന്തോഷം സമ്പാദിക്കാനാകും. അതെങ്ങനെയെന്നല്ലേ? 

പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗര്‍വാള്‍ ഇതിനായി ചില ടിപ്‌സ് പങ്കുവയ്ക്കുകയാണ്. സന്തോഷത്തിന്റെ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന 'സെറട്ടോണിന്‍' അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് നമാമി അഗര്‍വാള്‍ സൂചിപ്പിക്കുന്നത്. ഇവ കഴിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ നാം സന്തോഷത്തിലാകുന്നു. 

ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കട്ടത്തൈര് അല്ലെങ്കില്‍ യോഗര്‍ട്ട്. ഇത് വയറ്റിനകത്തുള്ള നല്ല ബാക്ടീരിയകളെ പെരുപ്പിക്കുന്നു. ഇവ അടിസ്ഥാനപരമായി നമ്മുടെ മാനസികാവസ്ഥയെ നേരിട്ട് ബാധിക്കുന്നു. സെറട്ടോണിന്‍ അളവ് വര്‍ധിപ്പിക്കാനാകും എന്നതിനാല്‍ തന്നെ നിത്യേനയുള്ള ഡയറ്റില്‍ യോഗര്‍ട്ട് ഉള്‍പ്പെടുത്തുന്നത് ഉചിതമാണെന്ന് നമാമി അഗര്‍വാള്‍ പറയുന്നു. 

'ട്രിപ്‌റ്റോഫാന്‍' എന്ന അമിനോ ആസിഡടങ്ങിയ ഭക്ഷണങ്ങളും സെറട്ടോണിന്‍ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കാം. സൂര്യകാന്തി വിത്ത്, സോയബീന്‍, മുട്ട, വെള്ളക്കടല, ക്വിനോവ എന്നിവയെല്ലാം ഈ വിഭാഗത്തിലുള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങളാണ്. ഇവയെല്ലാം തന്നെ നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കുകയും സന്തോഷം നല്‍കുകയും ചെയ്യുന്നവയാണ്. 

Also Read:- ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഹൃദ്രോഗ സാധ്യത കുറയ്ക്കാം; പഠനം...

ഇനി ഉത്കണ്ഠയുള്ളവരാണെങ്കില്‍ അതിന് ആശ്വാസം ലഭിക്കുന്നതിനായി നട്ടസ്, സീഡ്‌സ്, മത്സ്യം, യോഗര്‍ട്ട്, ഉഴുന്ന് ചേര്‍ത്ത് തയ്യാറാക്കുന്ന ഇഡ്ഡലി- ദോശ എന്നിവയെല്ലാം കഴിക്കാവുന്നതാണെന്ന് ഇവര്‍ പറയുന്നു. ഇവയെല്ലാം വയറ്റിനകത്തെ നല്ല ബാക്ടീരിയകളെ വര്‍ധിപ്പിക്കാനാണ് സഹായിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona