പ്രമേഹമുള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് എപ്പോഴും നിയന്ത്രിച്ചുനിര്‍ത്തേണ്ടതുണ്ട്. ചിലര്‍ക്ക് ഇതിനായി ഡോക്ടര്‍മാര്‍ കൃത്യമായ മരുന്നുകള്‍ നിര്‍ദേശിച്ചുനല്‍കാറുണ്ട്. ഇതിനോടൊപ്പം തന്നെ ഡയറ്റ് ഉള്‍പ്പെടെയുള്ള ജീവിതരീതികളിലും ചില കാര്യങ്ങള്‍ പ്രത്യേകം കരുതേണ്ടതുണ്ട്. 

ഭക്ഷണരീതി തന്നെയാണ് പ്രധാനമായും പരിഗണനയിലെടുക്കേണ്ടത്. അത്തരത്തില്‍ ടൈപ്പ്-2 പ്രമേഹമുള്ളവര്‍ ഭക്ഷണത്തില്‍ നിന്നൊഴിവാക്കേണ്ടതും അവയ്ക്ക് പകരം ചേര്‍ക്കേണ്ടതുമായ നാല് സാധനങ്ങളുടെ പട്ടികയിതാ. പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ട്വിങ്കിള്‍ കന്‍സാല്‍ ആണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 

ഒന്ന്...

മൈദ പൂര്‍ണ്ണമായും ഒഴിവാക്കുക. കൂടുതല്‍ 'സോഫ്റ്റ്' ആകാനായി ഫൈബര്‍ വന്‍ തോതില്‍ ഒഴിവാക്കിയെടുക്കുന്നതാണ് മൈദ. 

 

 

ഇത് പ്രമേഹരോഗികള്‍ക്ക് ഒട്ടും നല്ലതല്ല. ഇതിന് പകരം ഗോതമ്പ് പൊടി തന്നെ ഉപയോഗിക്കുക.

രണ്ട്...

റിഫൈന്‍ഡ് ഷുഗറും ടൈപ്പ്-2 പ്രമേഹരോഗികള്‍ ഉപയോഗിക്കരുത്. ഇതിന് പകരം 'ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നേഴ്‌സ്'ഉം ഉപയോഗിക്കരുത്. ഇവ രാസപദാര്‍ത്ഥങ്ങളടങ്ങിയതാണെന്ന് മനസിലാക്കുക. അതുപോലെ തന്നെ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നത് എന്ന പരസ്യവാചകവുമായി വരുന്ന ഉത്പന്നങ്ങള്‍ വാങ്ങിക്കുമ്പോഴും കരുതുക. എന്തെല്ലാം ചേരുവകള്‍ അതില്‍ ചേര്‍ത്തിട്ടുണ്ടെന്ന് പാക്കറ്റിന് പുറത്തെഴുതിയത് കൃത്യമായി വായിച്ച ശേഷമേ വാങ്ങി ഉപയോഗിക്കാവൂ. 

സുക്രോസ്, മാള്‍ട്ടോസ് എന്നിവയെല്ലാം അടങ്ങിയ ഉത്പന്നമാണെങ്കില്‍ അവ തീര്‍ത്തും ഒഴിവാക്കുക. മധുരത്തിനോട് താല്‍പര്യം തോന്നുമ്പോള്‍ പഴങ്ങള്‍ കഴിക്കുക. ഇവയിലടങ്ങിയിരിക്കുന്ന മധുരം അത്രമാത്രം പ്രശ്‌നമുണ്ടാക്കുന്നതല്ല. അതുപോലെ ഡ്രൈ ഫ്രൂട്ട്‌സും കഴിക്കാം. ഇതിന് ഡോക്ടറുടെ അനുമതി പ്രത്യേകം ചോദിച്ചുവാങ്ങുക. 

മൂന്ന്...

'റിഫൈന്‍ഡ് സാള്‍ട്ട്' ഉം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പകരം കല്ലുപ്പ് ഉപയോഗിക്കാം. 

 

അതല്ലെങ്കില്‍ 'ഹിമാലയന്‍ പിങ്ക് സാള്‍ട്ട്' ആവാം. 

നാല്...

റിഫൈന്‍ഡ് ഓയിലിന്റെ ഉപയോഗവും പ്രമേഹത്തിന് നന്നല്ല. ഇതിന് പകരമായി പശുവിന്‍ നെയ്, 'കോള്‍ഡ് പ്രസ്ഡ് ഓയില്‍', കടുകെണ്ണ ഒക്കെ ഉപയോഗിക്കാം.

Also Read:- ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള അഞ്ച് മാർ​ഗങ്ങൾ...