ചിലര്‍ക്ക് എപ്പോഴും പരാതിയാണ്, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുകയും ആകെ അസ്വസ്ഥതയും തന്നെ. എന്ത് ചെയ്താലാണ് ഇതൊന്ന് മാറിക്കിട്ടുക എന്നതായിരിക്കും ഇവരുടെ ചിന്തകള്‍. ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ വീട്ടില്‍ത്തന്നെ ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. അത്തരത്തിലൊരു പൊടിക്കൈ ആണ് ഇനി പറയാന്‍ പോകുന്നത്. 

നാല് തരം ചായകള്‍ ഉപയോഗിച്ചാണ് ഈ പരീക്ഷണം. ചെറിയൊരു പരിധി വരെയെങ്കിലും ആശ്വാസം നേടാന്‍ ഇത് ഉപകരിച്ചേക്കും. അപ്പോള്‍ ആ നാല് ചായകളേതെല്ലാം എന്ന് നോക്കാം. 

ഒന്ന്...

മഞ്ഞള്‍പ്പൊടി ചേര്‍ത്തുണ്ടാക്കുന്ന ചായയാണ് ഇതില്‍ ഒന്നാമന്‍. ദഹനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മഞ്ഞള്‍ച്ചായ ഉത്തമമാണ്. 

 

 

സാധാരണ കട്ടനുണ്ടാക്കുന്നത് പോലെ തന്നെ ചായ വയ്ക്കാം ഇതിലേക്ക് അല്‍പം മഞ്ഞളും നുള്ള് കുരുമുളക് പൊടിയും ചേര്‍ക്കാമെന്ന് മാത്രം. 

രണ്ട്...

പെരുഞ്ചീരകം (വലിയ ജീരകം) ഇട്ട് തിളപ്പിക്കുന്ന ചായയാണ് വയര്‍ വീര്‍ത്തുകെട്ടുന്നത് തടയാന്‍ സഹായിക്കുന്ന മറ്റൊരു ചായ. ഇതും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പ്രധാനമായും സഹായിക്കുന്നത്. 

 

 

അതോടൊപ്പം തന്നെ, വയര്‍ വീര്‍ത്തുകെട്ടുന്നതും വേദനയുണ്ടാകുന്നതും തടയാനും പെരുഞ്ചീരകത്തിനാകും. 

മൂന്ന്...

പുതിനയിലച്ചായയെ കുറിച്ചാണ് മൂന്നാമതായി പറയാനുള്ളത്. ഇത് ഇടയ്‌ക്കെങ്കിലും നമ്മളില്‍ പലരും വീട്ടിലുണ്ടാക്കി കുടിക്കാറുണ്ട്. ദഹനം സുഗമമാക്കാനാണ് ഇത് ഉപയോഗപ്പെടുക. 

 

 

അതുപോലെ വേദനയുണ്ടെങ്കില്‍ അത് ശമിപ്പിക്കാനും പുതിനയിലയ്ക്ക് കഴിവുണ്ട്. 

നാല്...

നാലാമതായി പറയുന്ന ചായയെക്കുറിച്ചും മിക്കവര്‍ക്ക് അറിവുണ്ടായിരിക്കും. മറ്റൊന്നുമല്ല, ജിഞ്ചര്‍ ടീയെ കുറിച്ചാണ് പറയുന്നത്. 

 

 

ഇഞ്ചി, നമുക്കറിയാം ദഹനത്തിന് ഒന്നാന്തരമാണ്. വയര്‍ വീര്‍ത്തുകെട്ടുന്നതും അതുവഴി അസ്വസ്ഥതകളുണ്ടാകുന്നതും തടയാന്‍ ഇഞ്ചിക്ക് പ്രത്യേക കഴിവുണ്ട്.