യാക്ക് കര്‍ഷകര്‍ക്ക് എഫ്എസ്എസ്എഐയുടെ ഈ പുതിയ തീരുമാനം ഏറെ ഗുണകരമാകുമെന്നും ഐസിഎആര്‍എന്‍ ഡയറക്ടര്‍ ഡോ. മിഹിര്‍ സര്‍ക്കാര്‍ പ്രതികരിച്ചു. 

ഹിമാലയത്തില്‍ കണ്ടുവരുന്ന യാക്കിന്‍റെ ഇറച്ചിയും പാലും ഭക്ഷ്യയോഗ്യമെന്ന് പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). അരുണാചല്‍ പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസിഎആര്‍-നാഷണല്‍ റിസേര്‍ച്ച് സെന്റര്‍ ഇത് സംബന്ധിച്ച കത്ത് എഫ്എസ്എസ്എഐയ്ക്ക് കൈമാറിയിരുന്നു. ഇതിന് ശേഷമാണ് യാക്കിന്‍റെ ഇറച്ചിയും പാലും ഭക്ഷ്യയോഗ്യമെന്ന് എഫ്എസ്എസ്എഐ പ്രഖ്യാപിച്ചത്. 

യാക്ക് കര്‍ഷകര്‍ക്ക് എഫ്എസ്എസ്എഐയുടെ ഈ പുതിയ തീരുമാനം ഏറെ ഗുണകരമാകുമെന്നും ഐസിഎആര്‍എന്‍ ഡയറക്ടര്‍ ഡോ. മിഹിര്‍ സര്‍ക്കാര്‍ പ്രതികരിച്ചു. എഫ്എസ്എസ്എഐ യാക്ക് ഇറച്ചിയും പാലും ഭക്ഷ്യയോഗ്യമാണെന്ന് പ്രഖ്യാപിക്കാത്തതിനാല്‍ ഇവയ്ക്ക് രണ്ടിനും ഇത്രനാളും വിപണി കണ്ടെത്താനും വരുമാനം ഉറപ്പിക്കാനും കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാക്ക് പാലില്‍ 78 ശതമാനം മുതല്‍ 82 ശതമാനം വരെ ജലാംശം അടങ്ങിയിട്ടുള്ളതായും കൊഴുപ്പും മറ്റ് അവശ്യപോഷകങ്ങളും അടങ്ങിയിരിക്കുന്നതായും ഡോ. മിഹിര്‍ പറഞ്ഞു. കൂടാതെ, മറ്റ് പാലുകളില്‍ നിന്ന് നെയ്യും പനീറും ഉത്പാദിപ്പിക്കുന്നത് പോലെ യാക് പാലില്‍ നിന്നും ഇവ രണ്ടും ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിക്കിം, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, വടക്കന്‍ ബംഗാള്‍ തുടങ്ങിയ ഇടങ്ങളിലാണ് യാക്ക് കൂടുതലായി കണ്ടുവരുന്നത്. ഇന്ത്യയില്‍ ഏകദേശം 58,000 യാക്കുകള്‍ ഉണ്ടെന്നാണ് 2019- ല്‍ നടത്തിയ ഒരു സെന്‍സസ് അനുസരിച്ചുള്ള കണക്ക്. 

Also Read: വീട്ടില്‍ തയ്യാറാക്കിയ രുചികരമായ ബിരിയാണി; ചിത്രം പങ്കുവച്ച് കരീഷ്മ കപൂര്‍