ഇന്ത്യക്കാരനായ ഭര്‍ത്താവിന് വേണ്ടി ഇന്ത്യൻ ഭക്ഷണം പാകം ചെയ്യുന്ന ജര്‍മ്മൻ യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. ചപ്പാത്തിയും കടലക്കറിയുമാണ് ഇവര്‍ തയ്യാറാക്കുന്നത്

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ ധാരാളം വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ ഫുഡ് വീഡിയോകള്‍ തന്നെ അധികവും വരാറ്. പല പല നാടുകള്‍ കറങ്ങി അവിടെയുള്ള രുചി വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്നതോ, അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ തന്നെയുള്ള രുചിക്കൂട്ടുകളെ ഓര്‍മ്മപ്പെടുത്തുന്നതോ എല്ലാമായിരിക്കാം മിക്ക ഫുഡ് വീഡിയോകളുടെയും ഉള്ളടക്കം. 

ഭക്ഷണവുമായി ബന്ധപ്പെട്ട പുതിയ ട്രെൻഡുകള്‍, ചലഞ്ചുകള്‍, അതുപോലെ വളരെ ലളിതമായ നമ്മുടെ ദൈനംദിന ജീവിതത്തിലെ പാചകവും വിഭവങ്ങളും എല്ലാം ഇങ്ങനെ വീഡിയോകളില്‍ വരാറുണ്ട്. ഇപ്പോഴിതാ ഇതില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമായൊരു വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. 

ഇന്ത്യക്കാരനായ ഭര്‍ത്താവിന് വേണ്ടി ഇന്ത്യൻ ഭക്ഷണം പാകം ചെയ്യുന്ന ജര്‍മ്മൻ യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. ചപ്പാത്തിയും കടലക്കറിയുമാണ് ഇവര്‍ തയ്യാറാക്കുന്നത്. വളരെ നല്ലരീതിയില്‍ മനോഹരമായിത്തന്നെയാണ് ഇവരിത് തയ്യാറാക്കുന്നതെന്ന് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നുണ്ട്. 

കാണുമ്പോള്‍ കുറവൊന്നും വരുത്താതെ വളരെ രുചികരമായി എങ്ങനെ കറി തയ്യാറാക്കുമോ അങ്ങനെ തന്നെയാണ് ഇവര്‍ കറി തയ്യാറാക്കുന്നത്. ആദ്യം കടല വേവിച്ചെടുക്കുന്നു. ശേഷം ഇതിലേക്കുള്ള മസാല തയ്യാറാക്കുകയാണ്. ഇഞ്ചിയും വെളുത്തുള്ളിയും അരച്ചെടുക്കുന്നു. പാൻ ചൂടാക്കി, എണ്ണ പകര്‍ന്ന് ഇതിലേക്ക് അല്‍പം ജീരകമിട്ട ശേഷം ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ചേര്‍ത്ത് വഴറ്റിയെടുക്കുന്നു. ശേഷം മഞ്ഞള്‍പ്പൊടി, മുളകുപൊടി പോലുള്ള മസാലപ്പൊടികളും ചേര്‍ക്കുന്നു. അതിന് ശേഷം തക്കാളി പച്ചമുളക് എന്നിവ കൂടി ചേര്‍ക്കുന്നു. മസാല സെറ്റാകുമ്പോള്‍ ഉപ്പും ചേര്‍ത്തിളക്കി അത് വേവിച്ചുവച്ച കടലയിലേക്ക് ചേര്‍ത്ത് കറിയാക്കിയെടുക്കുന്നു. 

എല്ലാം കഴിഞ്ഞ് ചപ്പാത്തിയും കറിയും പാക്ക് ചെയ്തെടുക്കുകയാണ്. കറി എടുക്കുന്നത് ഇന്ത്യക്കാര്‍ പൊതുവെ ഉപയോഗിക്കാറുള്ള സ്റ്റീല്‍ പാത്രത്തിലാണ്. ഇത് വരെ ഇവര്‍ ശീലിച്ചുകഴിഞ്ഞിരിക്കുന്നു എന്നും വീഡിയോ കണ്ടവര്‍ കമന്‍റില്‍ കുറിച്ചിരിക്കുന്നു. 

പലരും ഭര്‍ത്താവിന് വേണ്ടി ഇതെല്ലാം കഷ്ടപ്പെട്ട് പാചകം ചെയ്യുന്നത് എന്തിനാണെന്നും, ഭര്‍ത്താവിന് തനിയെ ചെയ്തൂടെ എന്നും കമന്‍റുകളിലൂടെ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യൻ ഭക്ഷണം തയ്യാറാക്കാൻ തനിക്ക് ഇഷ്ടമാണ് എന്നാണിവര്‍ പറയുന്നത്. എന്തായാലും നിരവധി പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- 'മെഷീനില്‍ സമൂസയുണ്ടാക്കുന്നത് ഇങ്ങനെയാണോ!'; വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo