കുട്ടികളുടെ ഭക്ഷണകാര്യങ്ങളില്‍ മുതിര്‍ന്നവര്‍ എപ്പോഴും വലിയ ശ്രദ്ധ പുലര്‍ത്താറുണ്ട്. കാരണം, അവര്‍ക്ക് കഴിക്കാനിഷ്ടമുള്ള പലതും ആരോഗ്യത്തിന്റെ കാര്യം വരുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന തരത്തിലുള്ളവയായിരിക്കും. ശ്രദ്ധിച്ചില്ലെങ്കില്‍ അത്തരം ഭക്ഷണങ്ങളോട് കുഞ്ഞുങ്ങള്‍ക്ക് അടുപ്പമുണ്ടാവുകയും അവ, ശീലങ്ങളുടെ ഭാഗമാവുകയും ചെയ്യും. 

സമാനമായൊരു കഥയാണ് പത്തൊമ്പതുകാരിയായ റബേക്ക ഗിഡിന്‍സിന്റേതും. ഇംഗ്ലണ്ടിലെ കെറ്ററിംഗ് എന്ന സ്ഥലത്താണ് അച്ഛനും അമ്മയ്ക്കുമൊപ്പം റബേക്ക കഴിയുന്നത്. നാല് വയസ് വരെ പാലും, യോഗര്‍ട്ടും, കേക്കുകളും മാത്രമായിരുന്നു റബേക്ക കഴിച്ചിരുന്നത്. അത് പിന്നെ കുട്ടികളുടെ ഇഷ്ടങ്ങളും പിടിവാശികളുമൊക്കെ ഇങ്ങനെയല്ലേ എന്ന് മാത്രമായിരുന്നു റബേക്കയുടെ അമ്മ ചെറില്‍ കരുതിയിരുന്നത്. 

നാല് വയസ് കഴിഞ്ഞപ്പോള്‍ റബേക്കയുടെ ഭക്ഷണരീതി പതിയെ മാറാന്‍ തുടങ്ങി. മറ്റുള്ളവര്‍ സാധാരണഗതിയില്‍ കഴിക്കുന്ന ഭക്ഷണമൊന്നും അവള്‍ക്ക് കഴിക്കാനിഷ്ടമല്ല. ഫോര്‍ക്കും കത്തിയുമുപയോഗിച്ചുള്ള ഭക്ഷണംകഴിപ്പും റബേക്ക പരിശീലിച്ചില്ല. 

പകരം അവരുടെ സംസ്‌കാരത്തില്‍ നിന്ന് വ്യത്യസ്തമായി കൈ കൊണ്ട് കഴിക്കാവുന്ന ഭക്ഷണം മാത്രം തെരഞ്ഞെടുത്ത് കഴിക്കാന്‍ തുടങ്ങി. ചിക്കന്‍ നഗെറ്റ്‌സും ചിപ്‌സുമായിരുന്നു ഇക്കൂട്ടത്തില്‍ റബേക്കയ്ക്ക് ഏറ്റവും പ്രിയം. എന്നാല്‍ പിന്നീടങ്ങോട്ട് അത് മാത്രമായി അവളുടെ ഭക്ഷണം. 

ക്രമേണ റബേക്കയുടെ ശരീരത്തിനും മനസിനും മറ്റ് ഭക്ഷണങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥയായി. സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോകുമ്പോള്‍ റബേക്ക അവര്‍ക്കൊപ്പം പോവുകയില്ല. എന്തെങ്കിലും പാര്‍ട്ടിയോ മറ്റോ നടക്കുകയാണെങ്കില്‍ വീട്ടുകാര്‍ പോയാലും റബേക്ക വീട്ടില്‍ തന്നെ ചടഞ്ഞുകൂടിയിരിക്കും. ഒടുവില്‍ മകളുടെ അവസ്ഥ അത്ര ആരോഗ്യകരമല്ലെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ അവളെ മനശാസ്ത്ര വിദഗ്ധനെ കാണിക്കാന്‍ തീരുമാനിച്ചു.

ഏതാണ്ട് പതിനഞ്ച് വര്‍ഷത്തോളം നഗെറ്റ്‌സും ചിപ്‌സുമല്ലാതെ കാര്യമായ മറ്റൊരു ഭക്ഷണവും റബേക്ക കഴിച്ചിട്ടില്ലെന്നാണ് ഇവരുടെ സാക്ഷ്യപ്പെടുത്തല്‍. എന്തായാലും വിദഗ്ധന്റെ ചികിത്സയിലൂടെ ഇപ്പോള്‍ റബേക്കയുടെ ജീവിതം മാറിമറിഞ്ഞിരിക്കുകയാണ്. സാധാരണനിലയില്‍ ആളുകള്‍ കഴിക്കുന്ന ഭക്ഷണമെല്ലാം സാവധാനമായി റബേക്ക സ്വന്തം ശരീരത്തിനും മനസിനും പരിചയപ്പെടുത്തുകയാണ്. 

തീര്‍ത്തും അനാരോഗ്യകരമായ ജീവിതശൈലിയിലായിരുന്നു താന്‍ എന്ന് റബേക്ക ഇന്ന് തിരിച്ചറിയുന്നുണ്ട്. ചികിത്സയുടെ ആദ്യഘട്ടങ്ങളില്‍ ചില വിഷമതകള്‍ നേരിട്ടെങ്കിലും ഇപ്പോള്‍ അതിലും റബേക്ക സന്തോഷവതിയാണ്. ചികിത്സ തുടരുന്നുണ്ട്. ഓരോ ദിവസവും രണ്ട് പുതിയ രുചികള്‍ എന്ന വിധത്തില്‍ ഭക്ഷണശീലത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ചികിത്സയുടെ ഭാഗമായി പ്രധാനമായും നടത്തുന്നത്. തന്റെ വിചിത്രമായ ശീലം കൊണ്ട് നഷ്ടമായ ഒരുപാട് കാര്യങ്ങള്‍ ഇനിയുള്ള ജീവിതത്തിലെങ്കിലും തിരിച്ചുപിടിക്കാനാണ് റബേക്കയുടെ ശ്രമം. 

Also Read:- കീറ്റോ ഡയറ്റ് ജീവനെടുക്കുമോ? നടിയുടെ മരണം പറയുന്നത്...