ജീവിതരീതികളിലെ അനാരോഗ്യകരമായ മാറ്റങ്ങള്‍ മൂലം അമിതവണ്ണം പ്രധാന പ്രശ്‌നമാകുന്ന ഒരു കാലത്തിലാണ് നമ്മളിപ്പോള്‍. പൊണ്ണത്തടിയേക്കാള്‍ അപകടം വരുത്തുന്ന തരത്തില്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞുകൂടുന്നവരുടെ എണ്ണമാണ് കൂടുതലും. ഇനി, വണ്ണം കുറയ്ക്കാന്‍ ശ്രമം തുടങ്ങിയാലോ, അത് ചില്ലറ പരിപാടിയുമല്ല. ഡയറ്റ് നോക്കണം, വര്‍ക്കൗട്ട് വേണം. ഓരോ കാര്യങ്ങളിലും ശ്രദ്ധ വേണം. 

മുമ്പുണ്ടായിരുന്ന പതിവുകളൊക്കെ ഒരുപക്ഷേ മാറ്റിവയ്‌ക്കേണ്ടി വരും. ഇവിടെയാണ് ചായയും കാപ്പിയും ഇല്ലാതെ ജീവിക്കാനാകാത്തവര്‍ തിരിച്ചടി നേരിടുന്നത്. പുതിയ ഡയറ്റിന്റെ ഭാഗമായി ചായയും കാപ്പിയുമെല്ലാം ഒഴിവാക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകും. ഇവയ്‌ക്കെല്ലാം പകരം ജ്യൂസുകളോ മറ്റ് പാനീയങ്ങളോ ആക്കാം. എങ്കിലും ഒരു കപ്പ് കാപ്പി തരുന്ന സന്തോഷം കിട്ടാതെ അങ്ങനെതന്നെ കിടക്കും. 

എന്നാല്‍ വണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി കാപ്പികുടി അങ്ങനെ പരിപൂര്‍ണ്ണമായി മാറ്റിവയ്‌ക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പാല്‍ക്കാപ്പിക്ക് പകരം കട്ടന്‍ കാപ്പിയിലേക്ക് തിരിയുക. മധുരത്തിന്റെ ഉപയോഗവും നിയന്ത്രണത്തിലായിരിക്കണം. കാപ്പിയുടെ കയ്പ് പ്രശ്‌നമാകുന്നവര്‍ക്ക് അതിനെ മറികടക്കാന്‍ പട്ട, ഏലയ്ക്ക, തുളസി പോലുള്ള സുഗന്ധദ്രവ്യങ്ങളോ മറ്റോ ഉപയോഗിക്കാം. 

കാപ്പി വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതെങ്ങനെ?

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം ചെയ്യുന്നത് ഡയറ്റില്‍ നിന്ന് കലോറി ഒഴിവാക്കുകയെന്ന പരിപാടിയാണ്. ഇഷ്ടപാനീയങ്ങള്‍ ഒഴിവാക്കുന്നതും മിക്കവാറും അതിന് വേണ്ടിത്തന്നെയാണ്. എന്നാല്‍ കലോറി വളരെ കുറവുള്ള പാനീയമാണ് കടും കാപ്പി. 240 എംഎല്‍ കാപ്പിയില്‍ (ഏകദേശം ഒരു കപ്പ്) രണ്ട് കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ കലോറിപ്പേടിയില്‍ കാപ്പികുടി നിര്‍ത്തിവയ്‌ക്കേണ്ടതില്ല. 

കടും കാപ്പി കുടിക്കുന്നത് കൊണ്ടുള്ള മറ്റൊരു ഉപകാരമെന്തെന്നാല്‍, ഇത് ദഹനപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗഗമാകുന്നതോടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കുറെക്കൂടി ഫലമുണ്ടാകുന്നു. 

വിശപ്പിനെ പിടിച്ചുകെട്ടാനുള്ള കാപ്പിയുടെ കഴിവും വണ്ണം കുറയ്ക്കാന്‍ വലിയ തോതില്‍ സഹായിക്കുന്നുണ്ട്. അതായത് അല്‍പാല്‍പമായി വിശപ്പ് തല പൊക്കിത്തുടങ്ങുന്ന നേരത്ത് ഒരു കപ്പ് കടുംകാപ്പിയാകാം. ഇതോടെ കുറേ നേരത്തേക്ക് പിന്നെ വിശപ്പ് തോന്നില്ല. കൂടുതല്‍ ഭക്ഷണം അകത്തുചെല്ലാനുള്ള സാധ്യതയെ ആണ് ഇത് ഇല്ലാതാക്കുന്നത്. 

അതേസമയം കാപ്പിയില്‍ ചേര്‍ക്കുന്ന ചേരുവകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയരുത്. മധുരത്തിന്റെയും പാലിന്റെയും കാര്യമാണ് പറഞ്ഞുവരുന്നത്. അതുപോലെ തന്നെ കാപ്പിക്ക് കൂട്ടായി പേസ്ട്രിയോ മറ്റ് സ്‌നാക്‌സോ ഒക്കെ കഴിക്കുന്നതും തിരിച്ചടിയാകുമെന്ന് ഓര്‍ക്കുക.