മിക്കവര്‍ക്കും രാവിലെ എഴുന്നേറ്റയുടന്‍ തന്നെ ചൂടുകാപ്പിയോ ചായയോ നിര്‍ബന്ധമാണ്. അതില്ലാതെ ഒരു ദിവസം തുടങ്ങാന്‍ പോലുമാകാത്ത എത്രയോ പേരുണ്ട്. എന്നാല്‍ ഈ ശീലം അത്ര നല്ലതാണോ? എഴുന്നേറ്റയുടന്‍ മറ്റൊന്നും കഴിക്കാതെ കാപ്പിയോ ചായയോ അകത്താക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ?

എന്തായാലും രാവിലെ വെറുംവയറ്റില്‍ കാപ്പി കഴിക്കുന്നത് അല്‍പം പ്രശ്‌നമുള്ള പതിവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ കാപ്പിയില്‍ ദിവസം തുടങ്ങുമ്പോള്‍, വയറ്റിനകത്ത് 'ഹൈഡ്രോക്ലോറിക് ആസിഡ്' ഉത്പാദനം നടക്കാന്‍ ഇട വരുത്തുന്നു. ഇത് ഗ്യാസും അസിഡിറ്റിയും ഉണ്ടാക്കുകയും വയര്‍ കെട്ടിവീര്‍ക്കാന്‍ കാരണമാവുകയും ചെയ്യുന്നു. 

സ്ഥിരമായി കാപ്പി കഴിക്കുമ്പോള്‍, സ്വാഭാവികമായും ഇത് ദഹനപ്രവര്‍ത്തനങ്ങളെ മോശമായി ബാധിക്കുന്നു. വയറ്റിലെപ്പോഴും ഗ്യാസുണ്ടായിരിക്കുന്ന അവസ്ഥയിലേക്ക് ഈ ശീലം നമ്മളെയെത്തിക്കുന്നു. 

രാവിലെ ഉണര്‍ന്നയുടന്‍ എപ്പോഴും ഒരു ഗ്ലാസ് വെള്ളത്തോടെ തുടങ്ങാന്‍ കരുതുക. ശേഷം എന്തെങ്കിലും ചെറുഭക്ഷണം കഴിച്ച ശേഷം മാത്രം കാപ്പിയിലേക്ക് കടക്കുക. ദിവസത്തില്‍ രണ്ട് കപ്പിലധികം കാപ്പി കഴിക്കുന്നത്, അത്ര ആരോഗ്യകരമല്ലെന്ന് കൂടി കരുതുക. നിര്‍ബന്ധമാണെങ്കില്‍ പഞ്ചസാരയും പാലുമൊഴിവാക്കിക്കൊണ്ട് കടും കാപ്പി കഴിക്കാവുന്നതാണ്.