നമ്മൾ എല്ലാവരും ദിവസവും നെല്ലിക്ക കഴിക്കാറുണ്ട്. പച്ച നെല്ലിക്കയായും, അച്ചാറായും, ഉപ്പിലിട്ട നെല്ലിക്കയായും നിരവധി രൂപത്തില്‍ നെല്ലിക്ക നമ്മള്‍ ഉപയോഗിക്കാറുണ്ടല്ലോ. എന്നാല്‍ പലർക്കും നെല്ലിക്ക കഴിച്ചാലുള്ള ​ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയില്ല. പോഷക ഗുണങ്ങളാല്‍ സമൃദ്ധമാണ് നെല്ലിക്കയെന്നാണ് പല പഠനങ്ങളും പറയുന്നത്. മനുഷ്യ ശരീരത്തിന് ഏറ്റവും അത്യന്താപേഷിതമായ വിറ്റാമിന്‍ സിയാണ് നെല്ലിക്കയില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്. 

ഇതിനു പുറമേ, അയണ്‍,സിങ്ക്, വിറ്റാമിന്‍ ബി എന്നിവയെയും നെല്ലിക്കയെ പോഷക സമൃദ്ധമാക്കുന്നു.രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ നെല്ലിക്ക സഹായിക്കുന്നു. കൊഴുപ്പിന്റെ അളവിനെ കുറയ്ക്കുന്നതിലൂടെ നെല്ലിക്ക ഹൃദയത്തെയും സംരക്ഷിക്കുന്നു. പ്രമേഹത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളെയും പ്രതിരോധിക്കാന്‍ നെല്ലിക്ക ഒരു നല്ല ഔഷധമാണ്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടാതിരിക്കാന്‍ നെല്ലിക്ക ഏറെ നല്ലതാണെന്നാണ് ഫോർട്ടിസ് എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റായ ഡോ. ഡോ. രൂപാലി ദത്ത പറയുന്നത്. ശരീരത്തെ പ്രായാധിക്യത്തില്‍ നിന്നു സംരക്ഷിക്കുന്ന പ്രധാന വിറ്റാമിനാണ് വിറ്റാമിന്‍ എ. ശരീരത്തില്‍ ചുളിവുകളും മടക്കുകളും ഉണ്ടാകാതെ നിത്യ യൗവ്വനം നിലനിര്‍ത്താന്‍ വിറ്റാമിന്‍ എ സഹായകമാണ്. 

നെല്ലിക്കയും വിറ്റാമിന്‍ എയാല്‍ സമ്പുഷ്ടമാണ്. നെല്ലിക്കയിൽ 99 ശതമാനം പ്രോട്ടീനും അമിനോ ആസിഡും അടങ്ങിയിരിക്കുന്നതിനാൽ മുടികൊഴിച്ചിൽ തടയാനും സഹായിക്കുന്നു. ശരീരത്തിന് ഹാനികരമായ രാസവസ്തുക്കളെ തടയുന്നതിലൂടെ നെല്ലിക്ക ക്യാന്‍സറിനെ തടയുന്നതായി അടുത്തിടെ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒരു സെല്ലില്‍ നിന്നും ക്യാന്‍സര്‍ അടുത്ത സെല്ലിലേയ്ക്ക് പടരുന്നത് തടയാനും നെല്ലിക്ക സഹായിക്കുന്നു. 

ആമാശയ സംബന്ധമായ അസുഖങ്ങള്‍ക്കും നെല്ലിക്ക ഉത്തമ പ്രതിവിധിയാണ്. നിത്യേന ഒരു സ്പൂണ്‍ നെല്ലിക്കാ നീര് കഴിക്കുന്നത് വയറ്റിലുണ്ടാകുന്ന അസിഡിറ്റിയും വയറ്റിലെ അസ്വസ്ഥതകളെയും പ്രതിരോധിക്കാന്‍ ഉത്തമമാണ്. ആല്‍ക്കഹോളിന്റെയും രാസവസ്തുക്കളുടെയും ഉപയോഗത്തിലൂടെ കരളിനുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഒരു പരിധി വരെയെങ്കിലും തടയാനും നെല്ലിക്ക ഉപയോഗപ്രദമാണ്.