നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് പച്ചനിറമുള്ള ഇലക്കറികൾ. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറ‌യാം. ജീവിതശൈലിയിൽ മാറ്റം വന്നതോടെ നിരവധി രോഗങ്ങളും വന്നുതുടങ്ങി. അത്തരത്തിൽ ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ഹൃദയാഘാതം, കണ്ണിന് കാഴ്ചക്കുറവ്, പൊണ്ണത്തടി എന്നിവ. ഇവയ്‌ക്കെല്ലാം പരിഹാരമാണ് ഭക്ഷണത്തിൽ ഇലക്കറി ഉൾപ്പെടുത്തുന്നത്.

ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് ഇലക്കറികൾ. പച്ച നിറത്തിലുള്ള ഇലക്കറികളാണ് കൂടുതല്‍ ഉത്തമം. അമിതമായ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയ ധമനികള്‍ക്ക് സംരക്ഷണം നല്‍കാനും പച്ച നിറത്തിലുള്ള ഇലക്കറികള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ദിവസേന നിശ്ചിത അളവില്‍ ഇലക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കണം.

കണ്ണിന്റ കാഴ്ചയ്ക്ക് ഉത്തമമാണ് മുരിങ്ങയില പോലുള്ള ഇലക്കറികൾ. അതുപോലെത്തന്നെ ആരോഗ്യത്തിന് ആവശ്യമായ നിരവധി ഗുണങ്ങൾ ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. തഴുതാമ, ചേമ്പില, ചീര, പയറില, മുരിങ്ങയില തുടങ്ങി നിരവധി ഇലക്കറികൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇവയെല്ലാം ആരോഗ്യഗുണങ്ങളിൽ മുന്നിലാണ്.

ഇലക്കറികളിൽ മിക്കവയിലും ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, ലവണങ്ങൾ ജീവകം എ, സി, കെ എന്നിവയെല്ലാം ചീരയിൽ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ മല്ലിയില രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ഏറെ നല്ലതാണ്. 

കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം കണ്ടുവരുന്നത് ഇലക്കറികൾ കഴിക്കാത്തവരിൽ ആണത്രേ. ബോസ്റ്റണിൽ നടന്ന പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ഭക്ഷണക്രമത്തിൽ ധാരാളമായി പച്ചക്കറികൾ ഉൾപ്പെടുത്തുന്നവരിൽ ഗ്ലൂക്കോമയുടെ സാധ്യത 20–30 ശതമാനം കുറവാണെന്ന് പഠനങ്ങൾ പറയുന്നു. 

കണ്ണുകളിലേക്കുള്ള നാഡികളിലെ രക്തപ്രവാഹം ശരിയായ രീതിയിൽ നിലനിർത്തുന്നതിന് ഇലക്കറികളിൽ അടങ്ങിയ വിറ്റാമിനുകൾക്ക് സാധിക്കും. ഇത്തരം വിറ്റാമിനുകൾ ഭക്ഷണത്തിലൂടെ വേണ്ടത്ര അളവിൽ ലഭിക്കാതെ വരുമ്പോൾ ചിലപ്പോൾ ഇവരുടെ കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുന്നു. 

പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിച്ചാൽ ഫാറ്റി ലിവർ വരാനുള്ള സാധ്യത കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും. ഇലക്കറികളും പഴങ്ങളും കഴിക്കുന്നത് ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും ​പഠനങ്ങൾ പറയുന്നു.