ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പാവയ്ക്ക. കാത്സ്യം, വിറ്റാമിൻ സി എന്നിവ പാവയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പാവയ്ക്കയിൽ ധാരാളം ഫോളിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട്. പാവയ്ക്കയിൽ കലോറിയും ഫാറ്റും വളരെ കുറവാണ്. 

 പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ദഹനസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും രോ​ഗപ്രതിരോധശേഷി കൂട്ടാനും ഉത്തമമാണ്. തുടർച്ചയായി പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. പാവയ്ക്ക ജ്യൂസ് കുടിച്ചാലുള്ള ​ഗുണങ്ങളെ പറ്റി ഡയബറ്റോളജിസ്റ്റ് ഡോ. റോഷാനി ഗാഡ്ജ് പറയുന്നു...

ഒന്ന്...

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ നിലനിർത്താൻ പാവയ്ക്ക സഹായിക്കുന്നു. അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് പാവയ്ക്കയിലുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ പാവയ്ക്ക കഴിക്കുന്നത് ​ഗുണം ചെയ്യും. 

രണ്ട്...

 പ്രമേഹരോ​ഗികൾ ദിവസവും ഒരു ​ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കണമെന്നാണ് ഡോ. റോഷാനി പറയുന്നത്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാവയ്ക്ക സഹായിക്കും. പ്രമേഹരോഗത്തെ നിയന്ത്രിക്കാൻ കഴിവുള്ള പി-ഇൻസുലിൻ എന്ന പ്രധാന ഘടകം പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

മൂന്ന്...

കരളിനെ സംരക്ഷിക്കാൻ ഏറ്റവും നല്ലതാണ് പാവയ്ക്ക. ഫാറ്റി ലിവർ പ്രശ്നമുള്ളവർ ദിവസവും പാവയ്ക്ക വെറും വയറ്റിൽ കഴിക്കുകയോ ജ്യൂസായി കുടിക്കുകയോ ചെയ്യാം.

നാല്...

തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ദിവസവും പാവയ്ക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. പാവയ്ക്കയിൽ കലോറി, കൊഴുപ്പ്, കാർബോഹൈഡ്രേറ്റുകൾ എന്നിവയുടെ അളവ് കുറവാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ്  ഇല്ലാതാക്കാനുള്ള കഴിവ് പാവയ്ക്കയിലുണ്ട്.

അഞ്ച്...

 പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പാവയ്ക്ക. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനും ദഹനസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും വളരെ നല്ലതാണ് പാവയ്ക്ക.