മുട്ടയുടെ മഞ്ഞയെ പലരും ശത്രുവായാണ് കാണുന്നത്. മുട്ടയുടെ മഞ്ഞ കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്നാണ് പൊതുവേ പറയുന്നത്. മഞ്ഞക്കരു ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്നാണ് പ്രമുഖ ഓസ്ട്രേലിയന്‍ ഡയറ്റീഷ്യനായ ലിന്‍ഡി കോഹന്‍ പറയുന്നത്. മഞ്ഞക്കരു കഴിച്ചാൽ ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ കൂടുമെന്നാണ് വിചാരം. പലർക്കും മഞ്ഞക്കരുവിന്റെ ​ഗുണങ്ങളെ  കുറിച്ച് അറിയില്ലെന്നും ലിന്‍ഡി പറയുന്നു.

മുട്ടയുടെ മഞ്ഞക്കരു മാറ്റിയ ശേഷം മുട്ട കഴിക്കുന്നത് ​ഗുണം ചെയ്യില്ലെന്നാണ് ലിന്‍ഡി പറയുന്നത്. കാരണം മുട്ടയുടെ ഏറ്റവും വലിയ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നത് മഞ്ഞക്കരുവിലാണ്. വൈറ്റമിനുകളായ എ, ഡി, ഇ, കെ‍ എന്നിവ കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡിന്റെയും കലവറയാണ് മുട്ടയുടെ മഞ്ഞ.

ഹൃദയാരോഗ്യത്തിന്‌ ഏറ്റവും മികച്ചതാണ് ഒമേഗ 3. മനുഷ്യരിലെ പ്രതിരോധശേഷി കൂട്ടാനും മുടിവളര്‍ച്ചയ്ക്കും, ചര്‍മത്തിന്റെ ആരോഗ്യത്തിനുമെല്ലാം ഈ പോഷകങ്ങള്‍ ആവശ്യമാണ്. ലോ ഫാറ്റ് ഡയറ്റ് എന്ന ആശയത്തിന്റെ ഭാഗമായിട്ടായിരുന്നു മുട്ടയുടെ വെള്ള മാത്രം കഴിക്കുക എന്ന ശീലം വ്യാപകമായത്.

എന്നാല്‍ ഇതിന്റെ ആവശ്യമില്ല എന്നാണ് ലിന്‍ഡി പറയുന്നത്. മഞ്ഞക്കരു ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ മാത്രമാണ് ഉത്പാദിപ്പിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.