ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റുകള്‍ പലതുണ്ട്. എന്നാല്‍ പഴങ്ങള്‍ രാവിലെ കഴിക്കുന്നത് സവിശേഷമായ 'എനര്‍ജി'യാണ് നമുക്ക് പകര്‍ന്നുതരിക

ബ്രേക്ക്ഫാസ്റ്റ് എന്നത് ഒരു ദിവസത്തെ ആകെ ഭക്ഷണത്തില്‍ ഏറ്റവും പ്രധാനമാണെന്ന് പറയുന്നത് നിങ്ങളെല്ലാം കേട്ടിരിക്കും. രാത്രി മുഴുവൻ ദീര്‍ഘമായി ഭക്ഷണത്തില്‍ നിന്ന് മാറി നിന്ന്, രാവിലെ ഒഴിഞ്ഞ വയറിലേക്ക് കഴിക്കുന്ന ഭക്ഷണമാണ്. ഇത് പെട്ടെന്ന് ശരീരത്തില്‍ സ്വാധീനം ചെലുത്തും എന്നതിനാലാണ് ബ്രേക്ക്ഫാസ്റ്റിന് ഇത്രമാത്രം പ്രാധാന്യം നല്‍കുന്നത്.

വെറുംവയറ്റില്‍ കഴിക്കുന്ന ഭക്ഷണമായതിനാല്‍ തന്നെ ബ്രേക്ക്ഫാസ്റ്റ് ആരോഗ്യകരമായിരിക്കണമെന്നത് നിര്‍ബന്ധമാണ്. അതുപോലെ ദിവസം മുഴുവൻ ഉന്മേഷം തോന്നുന്നതിലും ബ്രേക്ക്ഫാസ്റ്റിന് വലിയ പങ്കുണ്ട്. ഇത്തരത്തില്‍ ഉന്മേഷം കിട്ടാൻ കഴിക്കേണ്ട മികച്ച ബ്രേക്ക്ഫാസ്റ്റുകളെ കുറിച്ചാണിനി വിശദമാക്കുന്നത്. 

ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റുകള്‍ പലതുണ്ട്. എന്നാല്‍ പഴങ്ങള്‍ രാവിലെ കഴിക്കുന്നത് സവിശേഷമായ 'എനര്‍ജി'യാണ് നമുക്ക് പകര്‍ന്നുതരിക. എന്നാല്‍ എല്ലാ തരം ഫ്രൂട്ട്സും ബ്രേക്ക്ഫാസ്റ്റായി കഴിക്കാൻ കൊള്ളുകയുമില്ല. ചില പഴങ്ങള്‍ ഗ്യാസ്, അസിഡിറ്റി, ദഹനപ്രശ്നങ്ങള്‍, ഷുഗര്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലേക്കെല്ലാം നയിക്കാം. അതിനാലാണ് തെരഞ്ഞെടുത്ത പഴങ്ങള്‍ തന്നെ കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത്. 

നേന്ത്രപ്പഴം, മാമ്പഴം, അവക്കാഡോ, പിയര്‍, ബെറികള്‍, തണ്ണിമത്തൻ, ഫിഗ്സ്, മാതളം, ആപ്പിള്‍, പപ്പായ. ഓറഞ്ച്, കിവി എന്നിവയെല്ലാം ബ്രേക്ക്ഫാസ്റ്റിന് അനുയോജ്യമായ ഫ്രൂട്ട്സ് ആണ്. 

ജലദോഷം, തൊണ്ടവേദന, പനി, അലര്‍ജി, ചുമ, സൈനസൈറ്റിസ്, മൂക്കടപ്പ്, പ്രമേഹം (ഷുഗര്‍), ബ്രോങ്കൈറ്റിസ് (ശ്വാസകോശരോഗം) എന്നീ പ്രശ്നമുള്ളവര്‍ പക്ഷേ രാവിലെ ഫ്രൂട്ട്സ് കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവരിലെല്ലാം രാവിലെ വെറുംവയറ്റഇല്‍ ഫ്രൂട്ട്സ് കഴിക്കുന്നത് കൊണ്ട് പലവിധ പ്രശ്നങ്ങളുണ്ടാകാം.

ഇനി, എന്തെല്ലാമാണ് പഴങ്ങള്‍ ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങള്‍? അവ കൂടി അറിയാം. 

പഴങ്ങള്‍ നമുക്ക് ഉന്മേഷം കൂടുതലായി നല്‍കുന്നു എന്നത് തന്നെയാണ് പ്രധാന ഗുണം. ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിനും, അനാരോഗ്യകരമായ മറ്റ് മധുരങ്ങളില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നതിനും, ആവശ്യത്തിന് ഫൈബര്‍- പ്രീബയോട്ടിക്സ്- എൻസൈമുകള്‍ എന്നിവ ലഭ്യമാക്കി ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, വണ്ണം കൂടാതെ കാക്കുന്നതിനും, ഹൃദയാരോഗ്യത്തിനും, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും എല്ലാം ഗുണകരമാണ് പഴങ്ങള്‍. വിവിധ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഉറപ്പിക്കുന്നതിനും പഴങ്ങള്‍ സഹായിക്കുന്നു. 

Also Read:- വണ്ണം കുറയ്ക്കാൻ ക്യാരറ്റ് കൊണ്ടുള്ള ഈ മൂന്ന് സലാഡുകള്‍ പതിവാക്കാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo