പാൽ ഉത്പന്നങ്ങൾ അലർജിയുള്ള ധാരാളം ആളുകളും നമുക്ക് ചുറ്റുമുണ്ട്. മൂന്നോ അതിൽ കൂടുതലോ പ്രായമുള്ള ചെറിയ കുട്ടികളിൽ ഇത്തരം അലർജി 2.8 ശതമാനം കാണാറുള്ളതായി പഠനങ്ങൾ പറയുന്നു. പാലിലെ പ്രോട്ടീൻ ആണ് അലർജിക്ക് കാരണമെങ്കിൽ പാലും അതുമായി ബന്ധപ്പെട്ട് നിൽക്കുന്ന മറ്റ് ഉത്പന്നങ്ങളും ഒഴിവാക്കേണ്ടതാണ്. പാലിൽ 80 ശതമാനത്തോളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

 അതിനാൽ പാൽ അലർജിയാണെങ്കിൽ വെണ്ണ, ചീസ്, യോഗർട്ട്, ഐസ്‌ക്രീം,സോർ ക്രീം, നെയ്യ്, മിൽക്ക് ചോക്ലേറ്റ്, ക്രീംചീസ് എന്നിവയെല്ലാം ഉപേക്ഷിക്കേണ്ടതായി വരും. ശരീരത്തിൽ പാൽ എത്തുമ്പോൾ അലർജിയുള്ളവരുടെ ശരീരം വിപരീതമായി പ്രവർത്തിക്കും. പാലിന് പകരം മറ്റെന്താണ് ഉപയോഗിക്കുക എന്ന സംശയം പലർക്കുമുണ്ടാകാം. ചെറിയ കുട്ടികൾക്കാണെങ്കിൽ അമ്മയുടെ മുലപ്പാൽ തന്നെ നൽകാവുന്നതാണ്. 

മുതിർന്നവർ തീർച്ചയായും ഡോക്ടറുടെ നിർദേശപ്രകാരമോ ഡയറ്റീഷ്യന്റെ നിർദേശാനുസരണമോ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം. പാലിന് പകരം കുടിക്കാവുന്ന നോൺ– ഡയറി ഉൽപന്നങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ.. ബ​ദാം മിൽക്ക്, സോയ മിൽക്ക്, ഓട്സ് മിൽക്ക്, തേങ്ങാപ്പാൽ.. എന്നിവ പാലിനെ പോലെ തന്നെ പോഷകമൂല്യങ്ങളുള്ളവയാണ്.

ബ​ദാം മിൽക്ക്...

 കാത്സ്യം, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ എന്നിവയുടെ കേദാരമാണ് ആല്‍മണ്ട് മില്‍ക്ക്. ചര്‍മസൗന്ദര്യത്തിനും ഇത് ഏറെ നല്ലതാണ്. ബദാം മിൽക്കിൽ പൂരിത കൊഴുപ്പും കൊളസ്ട്രോളും ഒട്ടുമില്ല. ദിവസവും ആവശ്യമായതിന്റെ 25 ശതമാനം ജീവകം ഡിയും ബദാം മിൽക്കിലുണ്ട്. തടി കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് തീർച്ചയായും ബദാം മിൽക്ക് മികച്ച ഒരു ഓപ്ഷൻ ആണ്.

കോക്കനട്ട് മില്‍ക്ക്...

 ഫാറ്റ് പുറംതള്ളാന്‍ സഹായിക്കുന്ന മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡ്സ് ഇതിലുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ കോക്കനട്ട് മിൽക്ക് വളരെ മികച്ചതാണ്. പ്രതിരോധശേഷി കൂട്ടാനും കൊളസ്ട്രോള്‍ നില ക്രമീകരിക്കാനും ഉത്തമമാണ്. അന്നജത്തിന്റെ അളവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് തേങ്ങാപ്പാൽ, കാരണം തേങ്ങാപ്പാലിൽ അന്നജം ഒട്ടുമില്ല. 

ഓട്സ് മിൽക്ക്...

പശുവിന്‍ പാലിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഓട്സ് മില്‍ക്ക്. ഇതിലെ ഹൈ ഫൈബര്‍ ദഹനത്തിന് ഏറെ സഹായകമാണ്. ‌ഓട്സ് വെള്ളത്തിൽ കുതിർത്ത് അരച്ച് എടുത്ത് അരിച്ചാൽ ഓട്സ് മിൽക്ക് തയ്യാറായി. നാരുകൾ ധാരാളം അടങ്ങിയ ഇതിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും ധാരാളം ഉണ്ട്. ഊർജ്ജമേകാനും ഓട്സ് മിൽക്ക് സഹായിക്കും. 

സോയ മിൽക്ക്...

 മിനറല്‍സ് ഫാറ്റി ആസിഡ്, വൈറ്റമിന്‍സ് എന്നിവ അടങ്ങിയതാണ് സോയ മില്‍ക്ക്. ഫൈബര്‍ ധാരാളമുള്ളതിനാല്‍ സോയ മില്‍ക്ക് കുടിക്കുന്നത് ഭാരം കുറയ്ക്കാനും സഹായിക്കും. സോയാബീനിൽ നിന്ന് ഉണ്ടാക്കുന്ന സോയ മിൽക്കിൽ പൊട്ടാസ്യം, അയൺ, ബി വൈറ്റമിനുകൾ തുടങ്ങി നിരവധി പോഷകങ്ങളുണ്ട്. ദിവസവും ആവശ്യമായതിന്റെ 10 ശതമാനം ഫോളിക് ആസിഡും ഇതിലുണ്ട്.