പല ഔഷധങ്ങൾക്കും പ്രകൃതിദത്തമായ ആന്‍റി ബാക്ടീരിയൽ, ആന്‍റി  ഫംഗൽ, ആന്‍റി  ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അതിനാല്‍ പതിവായി ഹെർബൽ ടീകള്‍ കുടിക്കുന്നത് ദഹനക്കേടിൻ്റെ ലക്ഷണങ്ങളെ ലഘൂകരിക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഹെർബൽ ടീ ആരോഗ്യത്തിന്, പ്രത്യേകിച്ച് ദഹനത്തിനും കുടലിൻ്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. വിവിധതരം ഔഷധസസ്യങ്ങൾ, പൂക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിൽ നിന്ന് നിർമ്മിച്ച ഹെർബൽ ടീകള്‍ കഫീൻ രഹിതവും ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ഫൈറ്റോ ന്യൂട്രിയൻ്റുകൾ എന്നിവയാൽ സമ്പന്നവുമാണ്. പല ഔഷധങ്ങൾക്കും പ്രകൃതിദത്തമായ ആന്‍റി ബാക്ടീരിയൽ, ആന്‍റി ഫംഗൽ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അതിനാല്‍ പതിവായി ഹെർബൽ ടീകള്‍ കുടിക്കുന്നത് ദഹനക്കേടിൻ്റെ ലക്ഷണങ്ങളെ ലഘൂകരിക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരം ചില ഹെർബൽ ചായകളെ പരിചയപ്പെടാം. 

1. പെപ്പർമിൻ്റ് ടീ

വയറുവേദന, ഗ്യാസ്, ഗ്യാസ് മൂലം വയറുവീര്‍ത്തിരിക്കുന്ന അവസ്ഥ, ദഹനക്കേട് തുടങ്ങിയ ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാന്‍ പേരുകേട്ടതാണ് പെപ്പർമിൻ്റ് ടീ. കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ഇതിനായി ഭക്ഷണം കഴിച്ചതിന് ശേഷം ഒരു കപ്പ് പെപ്പർമിൻ്റ് ചായ കുടിക്കാം. 

2. ഇഞ്ചി ചായ

ഓക്കാനം, ദഹനക്കേട്, ഗ്യാസ് മൂലം വയറുവീര്‍ത്തിരിക്കുന്ന അവസ്ഥ എന്നിവയ്ക്കുള്ള പ്രതിവിധിയാണ് ജിഞ്ചർ ടീ. ഇഞ്ചിയിലെ 
ജിഞ്ചറോൾ എന്ന സംയുക്തം ആണ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്. ഇഞ്ചിയിലെ ആൻ്റി- ഇൻഫ്ലമേറ്ററി ഗുണങ്ങളും ദഹന പ്രശ്നങ്ങള്‍ക്ക് ആശ്വാസമേകും. ഭക്ഷണത്തിന് മുമ്പോ ശേഷമോ ചൂടുള്ള ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുന്നത് വയറ്റിലെ അസ്വസ്ഥത കുറയ്ക്കുകയും മൊത്തത്തിലുള്ള കുടലിൻ്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

3. പെരുംജീരകം ചായ

ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്ന അവസ്ഥ, ദഹനക്കേട് എന്നിവ ഒഴിവാക്കാൻ പെരുംജീരകം ചായ സഹായിക്കും. പെരുംജീരകത്തിൻ്റെ കാർമിനേറ്റീവ് ഗുണങ്ങൾ ഗ്യാസ് പുറന്തള്ളാനും അസ്വസ്ഥത കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം ഒരു കപ്പ് പെരുംജീരകം ചായ കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. 

4. മഞ്ഞൾ ചായ

മഞ്ഞൾ ചായയിലെ കുർക്കുമിന് ശക്തമായ ആന്‍റി- ഇൻഫ്ലമേറ്ററി, ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. ഗ്യാസ് കെട്ടി വയറുവീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

youtubevideo