Asianet News MalayalamAsianet News Malayalam

രുചിയും ഗുണവും ഒരുമിച്ച്; 'ഓട്‌സ്' കൊണ്ട് കട്‌ലറ്റും...

രാവിലെ ഓട്‌സ് കഴിക്കുന്നത് വണ്ണം കൂടുന്നത് തടയാന്‍ ഏറെ സഹായകമാണ്. ഫൈബറിനാലും പ്രോട്ടീനിനാലും സമ്പന്നമാണ് ഓട്‌സ്. ദീര്‍ഘസമയത്തേക്ക് വിശപ്പറിയിക്കാതെ നമ്മെ കൊണ്ടുനടക്കാനും ഓട്‌സിന് കഴിയും. അങ്ങനെ വരുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും ഒഴിവാകുന്നു

here is the recipe of healthy and tasty oats cutlet
Author
Trivandrum, First Published Nov 6, 2021, 5:30 PM IST

പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കില്‍ ( Skipping Breakfast ) ആ ദിവസം മുഴുവന്‍ അതിന്റെ ക്ഷീണം കാണും, അല്ലേ? രാവിലെ ഉണര്‍ന്ന് പുതിയൊരു ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഉന്മേഷത്തോടെ ( Energetic start ) വേണം തുടങ്ങാന്‍. അതിന് ആരോഗ്യകരമായ ഭക്ഷണം ( Healthy Food)  അത്യാവശ്യമാണ്. എന്നാല്‍ തിരക്ക് പിടിച്ച സമയത്ത്, പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ക്കാണ് നമ്മള്‍ അധികവും പ്രാധാന്യം നല്‍കാറ്. 

അത്തരത്തില്‍ ധാരാളം വീടുകളില്‍ പതിവ് പ്രഭാതഭക്ഷണമായി വരുന്ന ഒരു വിഭവമാണ് ഓട്‌സ്. മുട്ട, ബ്രഡ്, ഫ്രൂട്ട്‌സ്, ഓട്‌സ് എന്നിവയെല്ലാം ഇങ്ങനെ എളുപ്പത്തില്‍ ബ്രേക്ക്ഫാസ്റ്റായി മിക്കവരും തെരഞ്ഞെടുക്കുന്ന തരം ഭക്ഷണങ്ങളാണ്. 

ഓട്‌സ് ആണെങ്കില്‍ അതിന് പല വിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. രാവിലെ ഓട്‌സ് കഴിക്കുന്നത് വണ്ണം കൂടുന്നത് തടയാന്‍ ഏറെ സഹായകമാണ്. ഫൈബറിനാലും പ്രോട്ടീനിനാലും സമ്പന്നമാണ് ഓട്‌സ്. ദീര്‍ഘസമയത്തേക്ക് വിശപ്പറിയിക്കാതെ നമ്മെ കൊണ്ടുനടക്കാനും ഓട്‌സിന് കഴിയും. അങ്ങനെ വരുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും ഒഴിവാകുന്നു. 

 

here is the recipe of healthy and tasty oats cutlet

 

ഫൈബറിനാല്‍ സമൃദ്ധമാണെന്നതിനാല്‍ ദഹനപ്രശ്‌നങ്ങളെ വലിയ തോതില്‍ അകറ്റാനും ഇത് സഹായിക്കുന്നു. നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസ് കൂടിയാണ് ഓട്‌സ്. 

ഓട്‌സ് വെറുതെ വെള്ളത്തില്‍ വേവിച്ച് കഴിക്കുന്നവരും, പാലില്‍ കഴിക്കുന്നവരും ഉണ്ട്. ചിലര്‍ ഓട്‌സ് കൊണ്ട് ഉപ്പുമാവ് തയ്യാറാക്കാറുണ്ട്. ഓട്‌സ് ദോശ, ഓട്‌സ് ഇഡലി, ഓട്‌സ് അരച്ച അപ്പം എന്നിങ്ങനെ ഓട്‌സ് കൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാം. എന്നാല്‍ ഓട്‌സ് കൊണ്ട് അത്യഗ്രന്‍ കട്‌ലറ്റ് തയ്യാറാക്കാമെന്ന് പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. 

ഒരേസമയം ശരീരത്തിന് ഗുണകരവും രുചികരവുമായ ഒരു വിഭവമാണ് ഓട്‌സ് കട്‌ലറ്റ്. ഇതില്‍ അത്യാവശ്യം പച്ചക്കറികളും ചേര്‍ക്കുന്നുണ്ട്. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് മനസിലാക്കാം. 

ഉരുളക്കിഴങ്ങ് വേവിച്ചെടുത്ത ശേഷം അത് നന്നായി പൊടിച്ചുവയ്ക്കുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്ത് വച്ച ക്യാരറ്റും ചേര്‍ക്കാം. വലിയൊരു ബൗളിലേക്ക് ഇവ പകര്‍ന്ന ശേഷം ഇതിലേക്ക് റോസ്റ്റഡ് ഓട്‌സ്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് പേസ്റ്റ്, ഉപ്പ്, മുളകുപൊടി, മസാല പൊടി എന്നിവ ചേര്‍ക്കാം. ഒപ്പം തന്നെ കുനുകുനു ആക്കിയെടുത്ത അല്‍പം പനീറും ചേര്‍ക്കാം. 

 

here is the recipe of healthy and tasty oats cutlet

 

എല്ലാം നന്നായി കുഴച്ച് യോജിപ്പിച്ച ശേഷം ഉരുളകളാക്കി എടുത്ത് കയ്യില്‍ പരത്തി കട്‌ലറ്റിന്റെ പരുവത്തിലാക്കിയെടുക്കാം. ഓവനിലാണ് കട്‌ലറ്റ് കുക്ക് ചെയ്‌തെടുക്കേണ്ടത്. ഒരു സ്പൂണ്‍ ഓയില്‍ മാത്രം ഇതിന് ഉപയോഗിച്ചാല്‍ മതി. ഓവന്‍ 200 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിവയ്ക്കാം. ബേക്കിംഗ് ട്രേയില്‍ എണ്ണ പുരട്ടിയ ശേഷം കട്‌ലറ്റുകള്‍ വയ്ക്കാം. 20 മിനുറ്റ് കൊണ്ട് നല്ല കിടിലന്‍ കട്‌ലറ്റ് തയ്യാര്‍. 

ഇത് എണ്ണ അധികം ഉപയോഗിക്കാത്തതിനാല്‍ തന്നെ ബ്രേക്ക്ഫാസ്റ്റിനും യോജിച്ച കട്‌ലറ്റാണ്. അതല്ലെങ്കില്‍ വൈകുന്നേരത്തെ സ്‌നാക്ക് ആയും ചെയ്യാം.

Also Read:- രുചികരം, പോഷക സമൃദ്ധം; ഒരു വ്യത്യസ്ത സൂപ്പ്; റെസിപ്പി

Follow Us:
Download App:
  • android
  • ios