എളുപ്പത്തില്‍ തയ്യാറാക്കാം എന്ന സൗകര്യത്തിനൊപ്പം തന്നെ ആരോഗ്യകരമാണല്ലോ എന്ന ചിന്ത കൂടിയാകുമ്പോള്‍ സംഗതി ഉഷാറായല്ലോ. എന്നാല്‍ പരിപ്പ് - പയര്‍വര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ ഗ്യാസ് വരുന്നത് വലിയ പ്രശ്നവുമാണ്

പൊതുവെ വളരെ ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കുന്നവയാണ് പരിപ്പ്- പയറുവര്‍ഗങ്ങള്‍. അതിനാല്‍ തന്നെ ദിവസവും ഇവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നവരും ഏറെയാണ്. ഒന്നാമതായി ഇവയെല്ലാം തയ്യാറാക്കാൻ എളുപ്പമാണ്. ഇതാണ് മിക്കവരും ഇവ പതിവായി പാകം ചെയ്യുന്നതിനുള്ള പ്രധാന കാരണം. 

എളുപ്പത്തില്‍ തയ്യാറാക്കാം എന്ന സൗകര്യത്തിനൊപ്പം തന്നെ ആരോഗ്യകരമാണല്ലോ എന്ന ചിന്ത കൂടിയാകുമ്പോള്‍ സംഗതി ഉഷാറായല്ലോ. എന്നാല്‍ പരിപ്പ് - പയര്‍വര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ ഗ്യാസ് വരുന്നത് വലിയ പ്രശ്നവുമാണ്. ഈ പ്രശ്നം നിരന്തരം നേരിടുന്നവരും ഏറെയാണ്. 

പ്രത്യേകിച്ച് ദഹനപ്രശ്നങ്ങളുള്ളവര്‍ക്ക് പതിവായി ഇവ കഴിക്കുന്നത് തന്നെ തലവേദനയായി മാറാറുണ്ട്. എന്താണ് ഇതിനൊരു പരിഹാരം? പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ ഗ്യാസ് കയറാതിരിക്കാൻ എന്താണ് ചെയ്യാനാവുക? 

പരിപ്പ്- പയര്‍ വര്‍ഗങ്ങളെല്ലാം കഴിക്കുമ്പോള്‍ ഇവ ഗ്യാസുണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. രണ്ടുമൂന്ന് കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. ഒന്ന് ഇത്തരം വിഭവങ്ങളില്‍ കാണപ്പെടുന്ന കോംപ്ലക്സ് കാര്‍ബുകള്‍. 'ഒലിഗോസാക്രൈഡ്സ്' എന്ന് വിളിക്കുന്ന ഈ കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ് പെട്ടെന്ന് ദഹിക്കില്ല. ഏറെ പ്രയാസപ്പെട്ട് വയറ്റിനകത്തെ ബാക്ടീരിയകള്‍ ഇവയെ വിഘടിപ്പിക്കണം. ഇതിന്‍റെ ഭാഗമായാണ് ഗ്യാസുണ്ടാകുന്നത്. 

രണ്ട് പരിപ്പ്- പയര്‍ വര്‍ഗങ്ങളെല്ലാം ഫൈബറിനാല്‍ സമൃദ്ധമാണ്. ഫൈബര്‍ നമുക്ക് അവശ്യം വേണ്ടുന്ന ഘടകമാണെങ്കിലും ഫൈബര്‍ അധികമാകുന്നത് ഗ്യാസിലേക്ക് നയിക്കും. മൂന്നാമതായി ഇത്തരം ഭക്ഷണങ്ങളില്‍ കാണുന്ന 'ലെക്ടിൻ' എന്ന പ്രോട്ടീനും ഗ്യാസുണ്ടാക്കാൻ കാരണമാകാറുണ്ട്. 'ലെക്ടിൻ' കാര്‍ബോഹൈഡ്രേറ്റുമായി സംയോജിച്ച് ഇത് പിന്നീട് ദഹിക്കാൻ പ്രയാസമാകുകയാണ് ചെയ്യുന്നത്.

എന്തായാലും പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍ ഗ്യാസുണ്ടാക്കുന്നത് തടയാൻ ചില കാര്യങ്ങള്‍ നമുക്ക് ചെയ്തുനോക്കാം. ഒന്നാമതായി ഇവ മിതമായി കഴിക്കുക എന്നതാണ് ചെയ്യാനുള്ളത്. രണ്ടാമതായി പറയുന്ന 'ടിപ്' ആണ് നിങ്ങള്‍ക്ക് പ്രയോജനപ്രദമാവുക. 

പരിപ്പ്- വയര്‍ വര്‍ഗങ്ങള്‍, പ്രത്യേകിച്ച് വൻ പയര്‍ നല്ലതുപോലെ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ശേഷം പാകം ചെയ്ത് കഴിക്കുക. ഇത് ഗ്യാസുണ്ടാക്കുന്നത് കുറയ്ക്കും. കുതിര്‍ത്ത് എടുക്കുമ്പോള്‍ ഇവയിലുള്ള 'ഒലിഗോസാക്രൈഡ്സ്' കുറയുന്നു. 

മൂന്നാമതായി ചെയ്യാവുന്നത് നമ്മുടെ ദഹനത്തിന് ആക്കം കൂട്ടുന്ന സ്പൈസുകള്‍, ഹെര്‍ബുകള്‍ എന്നിവയുടെ അകമ്പടിയോടെ പയര്‍വര്‍ഗങ്ങള്‍ പാകം ചെയ്തെടുക്കുകയെന്നതാണ്. ഇഞ്ചി, ജീരകം എന്നിവയെല്ലാം ചേര്‍ക്കുന്നത് വളരെ നല്ലതാണ്. 

പ്രോട്ടീൻ, ഫൈബര്‍, ഫോളേറ്റ്, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിങ്ങനെ നമുക്ക് അവശ്യം വേണ്ടുന്ന ഘടകങ്ങളുടെ കലവറയാണ് പയര്‍വര്‍ഗങ്ങള്‍. അതിനാല്‍ ഇവ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ടതില്ല. കൃത്യമായി ക്രമീകരിച്ച് ഇവ ദിവസവും തന്നെ കഴിക്കാവുന്നതാണ്. ഗ്യാസ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ കൂടി ഡയറ്റിലുള്‍പ്പെടുത്തി, ബുദ്ധിപൂര്‍വം ഇതിനെ ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ സാധിക്കണം.

Also Read:- എള്ള് കഴിച്ചാല്‍ പിരീഡ്സ് നേരത്തെ ആകുമോ? എള്ള് എങ്ങനെയാണ് കഴിക്കേണ്ടത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo