അവൽ കൊണ്ട് നമ്മൾ പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. അവൽ നനച്ചത്, അവൽ അട, പഴം നിറ, അവലും പഴവും എന്നിങ്ങനെ വിഭവങ്ങൾ. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായ അവൽ ഉപ്പുമാവ് (പോഹ) വളരെ എളുപ്പം തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

അവൽ (ബ്രൗൺ )        2 കപ്പ്‌ 
തക്കാളി                         2 എണ്ണം  
ഉപ്പ്                                  1 ടീസ്പൂൺ 
എണ്ണ                               2 ടീസ്പൂൺ 
കടുക്                            1/2 ടീസ്പൂൺ    
ഉഴുന്ന് പരുപ്പ്                1/2 ടീസ്പൂൺ 
കടലപ്പരുപ്പ് -                1/2 ടീ സ്പൂൺ 
നിലക്കടല                    ചെറിയ ഒരു കപ്പ്‌
പച്ചമുളക്                        4 എണ്ണം 
സവാള                            1 എണ്ണം
മല്ലിയില                        ആവശ്യത്തിന്
നാരങ്ങ നീര്                പകുതി നാരങ്ങയുടെത്

തയാറാക്കുന്ന വിധം...

ആദ്യം അവൽ തക്കാളിയും ഉപ്പും കൂട്ടി നന്നായി കുഴച്ചെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരുപ്പ്, കടല പരുപ്പ്, നിലക്കടല ചേർക്കുക. നിലക്കടല നിറം മാറുമ്പോൾ അതിലേക്ക് പച്ച മുളകും ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഉള്ളി വഴന്ന് വരുമ്പോൾ കുഴച്ചു വെച്ചിരിക്കുന്ന അവൽ ചേർക്കുക. രണ്ടോ മൂന്നോ മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക. അധികനേരം അവൽ വഴറ്റരുത്. ഉപ്പുമാവ് പെട്ടെന്ന് ഡ്രൈയാകും. മല്ലിയിലയും നാരങ്ങാനീരും ചേർക്കുക. ശേഷം ചെറു ചൂടോടെ കഴിക്കാവുന്നതാണ്.

തയ്യാറാക്കിയത്:
ദേവി. എസ്
കൊച്ചി