പോഷകവും ആരോഗ്യകരവുമായ ഒരു ഹെൽത്തി പാനീയമാണ് കാരറ്റ് പാൽ. കണ്ണിന് ആരോഗ്യം നല്‍കുന്നതില്‍ മുന്‍പന്തിയിലാണ് കാരറ്റ്. കാരറ്റിലടങ്ങിയ വിറ്റാമിന്‍ എ, സി എന്നിവ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്. മാത്രമല്ല ഇതിലടങ്ങിയ നാരുകളും കുറഞ്ഞ കാര്‍ബോ ഹൈഡ്രേറ്റും ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പോഷക സമൃദ്ധമായ കാരറ്റ് മില്‍ക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകള്‍...

കാരറ്റ്                  2 എണ്ണം 
പാല്‍                   2 കപ്പ്
കറുവപട്ട          1 കഷ്ണം 
​ഗ്രാമ്പൂ                2 എണ്ണം
തേന്‍                 1 ടീസ്പൂൺ
ബദാം                 5 എണ്ണം
കുങ്കുമപൂവ്     ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

ആദ്യം കാരറ്റ് കുക്കറില്‍ നന്നായി വേവിച്ചെടുക്കുക. ഇനി കാരറ്റും ബദാം കഷണങ്ങളാക്കിയതും അല്‍പം വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. 

ഇനി പാല്‍ ചൂടാക്കി അതില്‍ കറുവപട്ടയും ഗ്രാമ്പുവും ചേര്‍ത്ത് തിളപ്പിക്കുക. അഞ്ച് മിനിറ്റ് ചെറുതീയില്‍ പാല്‍ തിളപ്പിക്കുക. 

ഇനി കാരറ്റ് പേസ്റ്റ് ചേര്‍ത്ത് വീണ്ടും നാല് മിനിറ്റ് തിളപ്പിക്കുക. പാല്‍ കുറുകി വരുമ്പോള്‍ കുങ്കുമപ്പൂവ് ചേര്‍ത്ത് ഇറക്കി വയ്ക്കുക.

ഇനി ഈ മിശ്രിതം തണുത്തശേഷം ഒരു തേൻ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിക്കുക. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.

വണ്ണം കുറയ്ക്കാന്‍ മികച്ചത് പച്ച ആപ്പിളോ ചുവപ്പ് ആപ്പിളോ?