തക്കാളി കൊണ്ട് എളുപ്പത്തിലൊരു സൂപ്പ് തയ്യാറാക്കിയാലോ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഹെൽത്തിയായൊരു തക്കാളി സൂപ്പ് തയ്യാറാക്കാം.
സൂപ്പ് പൊതുവെ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം എല്ലാവർക്കും അറിയാം. ചുമ, ജലദോഷം എന്നിവയ്ക്ക് മികച്ചൊരു പ്രതിവിധിയാണ് സൂപ്പുകൾ. ചിക്കനോ വെജിറ്റബിളോ ഏത് സൂപ്പായാലും ചെറുചൂടോടെ കുടിക്കുന്നത് ചുമയും ജലദോഷവും കുറയ്ക്കുന്നതിന് സഹായിക്കും. തക്കാളി കൊണ്ട് എളുപ്പത്തിലൊരു സൂപ്പ് തയ്യാറാക്കിയാലോ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഹെൽത്തിയായൊരു തക്കാളി സൂപ്പ് തയ്യാറാക്കാം.
വേണ്ട ചേരുവകൾ...
തക്കാളി 3 എണ്ണം
ബട്ടർ 2 ടീസ്പൂൺ
ടൊമാറ്റോ കെച്ചപ്പ് 2 ടേബിൾസ്പൂൺ
പഞ്ചസാര 1/2 ടീസ്പൂൺ
കുരുമുളക് പൊടി 1/2 ടേബിൾസ്പൂൺ
കോൺ ഫ്ലോർ 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം...
ആദ്യം തക്കാളി കഷ്ണങ്ങളായി മുറിച്ച് രണ്ട് കപ്പ് വെള്ളത്തിൽ വേവിക്കുക. തണുത്ത ശേഷം മിക്സിയിൽ ഒന്ന് അടിച്ചു അരിച്ചെടുക്കുക. ഒരു പാനിൽ ബട്ടർ ചേർത്ത് കോൺ ഫ്ലോർ ഇട്ടു മൂപ്പിക്കുക. അരിച്ചെടുത്ത തക്കാളി പൾപ്പ് ചേർക്കുക. ഇതിലേക്ക് കെച്ചപ്,പഞ്ചസാര,കുരുമുളക് പൊടി, ഉപ്പു ചേർക്കുക. കുറുകി വരുമ്പോൾ ഓഫ് ചെയ്യുക.
ശേഷം ഇതിലേക്ക് ബ്രെഡ് ക്രമ്സ്, മല്ലിയില എന്നിവ ചേർത്ത് വിളമ്പുക.
തക്കാളി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ...
തക്കാളിയിലുളള വിറ്റാമിൻ കെയും കാൽസ്യവും എല്ലുകളുടെ കേടുപാടുകൾ തീർക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായിക്കും. തക്കാളിയിലുളള ലൈകോപീൻ എന്ന ആന്റിഓക്സിഡൻറ് ബോണ് മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നു.
എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നു. തക്കാളിക്കു കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനും സഹായകമാണ്. തക്കാളി ശീലമാക്കിയാൽ പ്രോസ്റ്റേറ്റ് കാൻസർസാധ്യത കുറയ്ക്കാനാകും. ശ്വാസകോശം, ആമാശയം, വായ, തൊണ്ട, കുടൽ തുടങ്ങിയ അവയവങ്ങളിലെയും കാൻസർ സാധ്യത കുറയ്ക്കാം.തക്കാളിയിൽ പൊട്ടാസ്യം ധാരാളമുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിതമാക്കുന്നതിനു പൊട്ടാസ്യം സഹായിക്കും.ത്വക്ക് രോഗങ്ങൾ അകറ്റാൻ തക്കാളി ഏറെ നല്ലതാണ്.
