മധുരം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്ന ഒരു പലഹാരമാണ് 'ലഡു'. ഇനി മുതൽ ലഡു വീട്ടിൽ തന്നെ തയ്യാറാക്കാം. ഇത് വെറും ലഡു അല്ല കേട്ടോ, റവയും ശർക്കരയും ചേർത്ത് ഉണ്ടാക്കുന്ന ഒരു സ്പെഷ്യൽ ലഡു. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...
   
റവ വറുത്തത്                                  അരക്കപ്പ്
കടല മാവ്                                       കാല്‍ കപ്പ്
ശർക്കര                                               150 ഗ്രാം
ഏലയ്ക്ക പൊടിച്ചത്                   ആവശ്യത്തിന്
തേങ്ങ ചിരകിയത് –                       അരക്കപ്പ് 
പാൽ/ തേങ്ങാപ്പാൽ                     മുക്കാൽ കപ്പ്
നെയ്യ്                                                 3 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് പൊടിച്ചത്            ആവശ്യത്തിന്

തയാറാക്കുന്ന വിധം...

ആദ്യം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. പാൻ നന്നായി ചൂടായ ശേഷം അതിലേക്ക് നെയ് ഒഴിക്കുക. ശേഷം റവ, കടലമാവ് എന്നിവ ചേർത്ത് വറുത്തെടുക്കുക.
 
മുക്കാൽ ഭാഗം മൊരിയുമ്പോൾ തേങ്ങയും അണ്ടിപ്പരിപ്പും ചേർത്തു തീ കുറച്ചു വച്ചു വറുത്തെടുക്കണം. ശേഷം തേങ്ങയിലെ ജലാംശം വറ്റി വരുമ്പോൾ ശർക്കരയും ഏലയ്ക്കാ പൊടിച്ചതും ചേർക്കുക. 

തീ കുറച്ചു വച്ച് ഇളക്കി യോജിപ്പിച്ച ശേഷം പാൽ ഒഴിക്കുക. ഇത് നന്നായി തിളച്ചു വരുമ്പോൾ തീ കുറച്ചു 10 മിനിറ്റ് മൂടി വയ്ക്കണം. 

ശേഷം നല്ലത് പോലെ ഇളക്കുക. വെള്ളം വറ്റിയ ശേഷം ഒരു ടീസ്പൂൺ നെയ്യ് വീണ്ടും ചേർക്കുക. തീ ഓഫ് ചെയ്ത ശേഷം ഒരു മണിക്കൂർ ഇത് തണുക്കാൻ മാറ്റിവയ്ക്കുക. തണുത്ത് കഴിഞ്ഞാൽ ഇത് ഉരുട്ടിയെടുക്കുക. 

കിടിലൻ 'റവ ലഡു' തയ്യാറാക്കാം...

തയ്യാറാക്കിയത്:
​ഗീതാ കുമാരി
തിരുവനന്തപുരം