തനി നാടൻ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാം...
ചെമ്മീൻ എന്ന് കേട്ടാൽ വായിൽ വെള്ളമൂറും. കൊതിപ്പിക്കുന്ന തനി നാടൻ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കിയാലോ...
വേണ്ട ചേരുവകൾ...
ചെമ്മീൻ 400 ഗ്രാം
കാശ്മീരി മുളകുപൊടി 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ 1 ടീസ്പൂൺ
കറിവേപ്പില ആവശ്യത്തിന്
കുടമ്പുളി രണ്ടെണ്ണം
ചെറിയ ഉള്ളി 1 കപ്പ്
തക്കാളി കുരു കളഞ്ഞ് ചെറുതായി നുറുക്കിയത്
പച്ചമുളക് 2 എണ്ണം
കറിവേപ്പില ആവശ്യത്തിന്
തേങ്ങാക്കൊത്ത് രണ്ടു ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 1/2 ടീസ്പൂൺ
മുളകുപൊടി 1 1/2 ടീസ്പൂൺ (എരിവുള്ള മുളകുപൊടി 1/2 ടീസ്പൂൺ എരിവില്ലാത്ത മുളകുപൊടി 1 ടീസ്പൂൺ)
മുളകുപൊടിയും പച്ചമുളകും എരിവിനനുസരിച്ചു മാറ്റം വരുത്തുക.
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
കുരുമുളകുപൊടി 1/4 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് 1/2 ടീസ്പൂൺ
ഉലുവ പൊടിച്ചത് 1/4 ടീസ്പൂൺ
വെളിച്ചെണ്ണ 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം...
കഴുകി വൃത്തിയാക്കിയ ചെമ്മീനും ഒന്നാമത്തെ ചേരുവകളും കൂടി നന്നായി കൂട്ടിത്തിരുമ്മി കുടമ്പുളി ഇട്ട വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു മുക്കാൽ വേവിക്കുക.
ശേഷം റോസ്റ്റ് ചെയ്യാനുള്ള പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് പച്ചമുളക് കറിവേപ്പിലയും തേങ്ങാ കൊത്തും ഇട്ടു മൂത്തുവരുമ്പോൾ അതിലേക്കു ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റുക.
ഇത് വഴന്നു വരുമ്പോൾ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി ചേർത്ത് വഴറ്റി കുരുമുളക് പൊടി ഒഴികെയുള്ള പൊടികൾ ചേർത്ത് മൂപ്പിക്കുക. തീ കുറച്ചു വച്ച് പൊടികൾ മൂപ്പിക്കുക. ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് വേവിക്കുക.
തക്കാളി വെന്തുടഞ്ഞ് കഴിയുമ്പോൾ അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചെമ്മീൻ ഇട്ടു റോസ്റ്റ് ചെയ്തെടുക്കുക. തീ കുറച്ച് പതിയെ റോസ്റ്റ് ചെയ്തെടുക്കുക. വാങ്ങുന്നതിനു മുന്നേ കുരുമുളക് പൊടി ചേർത്ത് ഒന്ന് കൂടി റോസ്റ്റ് ചെയ്യാം.
രുചികരമായ ചെമ്മീൻ റോസ്റ്റ് തയ്യാറായി...
തയ്യാറാക്കിയത്:
പ്രവീണ ആനന്ദ്
കൊച്ചി