ഉണ്ടാക്കാൻ വേണ്ട ചേരുവകൾ 

ചക്ക                              –  അര കിലോ (അധികം പഴുക്കാത്ത വരിക്ക ചക്ക ചെറുതായി അരിഞ്ഞത്) 

വെള്ളം                          -     അര ലിറ്റർ 

ശർക്കര പാനി -              ആവശ്യത്തിന്

നെയ്യ്                              – ആവശ്യത്തിന്

തേങ്ങാപാൽ               -  ( ഒന്നാം പാലും രണ്ടാം പാലും)

ചുക്ക്, ജീരകം, ഏലക്കായ    – ആവശ്യത്തിന് കശുവണ്ടി, ഉണക്ക മുന്തിരി  

ചൗവരി                             – കാൽ കപ്പ്

തയ്യാറാക്കുന്ന വിധം...

ഉരുളിയിലേക്ക് അര ലിറ്റർ വെള്ളം ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളച്ചവെള്ളത്തിലേക്ക് കനം കുറച്ച് അരിഞ്ഞ് വച്ചിരിക്കുന്ന വരിക്ക ചക്ക ചേർത്ത് ഇളക്കി കൊടുക്കാം. ചക്ക നന്നായി വെന്തു കഴിയുമ്പോൾ അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർത്ത് വഴറ്റുക. ശേഷം ശർക്കര പാനി ചേർത്ത് നന്നായി വഴറ്റാം. മധുരത്തിന്റെ ആവശ്യമനുസരിച്ച് ശർക്കര പാനി ചേർക്കാം.

ശർക്കരപാനി ഉരുളിയുടെ അടിയിൽ പിടിക്കാതെ നന്നായി ഇളക്കി കൊടുക്കണം.  നന്നായി തിളക്കുമ്പോൾ തേങ്ങയുടെ രണ്ടാംപാൽ ചേര്‍ത്ത് ഇളക്കികൊടുക്കാം. അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന ചൗവ്വരിയും ചേർക്കാം. ശേഷം ചുക്കും ഏലക്കായും ജീരകവും ചേർത്ത് പൊടിച്ചെടുത്ത പൊടി ഒന്നാംപാലിൽ ചേർത്ത് നന്നായി യോജിപ്പിച്ച് വെള്ളം വറ്റി പാകമായ പായസകൂട്ടിലേക്ക് ചേർത്ത് ഇളക്കികൊടുക്കാം.

ഒന്നാംപാൽ ചേർത്ത് കഴിഞ്ഞാൽ തിളക്കാൻ അനുവദിക്കേണ്ട. നന്നായി ചൂടായ ശേഷം അടുപ്പിൽ നിന്നും വാങ്ങി വയ്ക്കാം. പായസത്തിന്റെ രുചി ഇരട്ടിയാക്കുന്നതിനുള്ള പങ്ക് കശുവണ്ടി പരിപ്പിനും ഉണക്ക മുന്തിരിക്കുമാണ്. പാത്രത്തിൽ നെയ്യ് ഒഴിച്ച് ആവശ്യത്തിന് കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്തുകോരി ചക്ക പ്രഥമനിലേക്ക് ചേർക്കാം. മധുരവും രുചിയും നിറഞ്ഞ ചക്ക പ്രഥമൻ തയ്യാറായി കഴിഞ്ഞു.