നമുക്കിത് മാങ്ങാക്കാലമാണ്. മാങ്ങ കൊണ്ട് അച്ചാര്‍, ഉപ്പിലിട്ടത്, ഉണക്കിയത് എല്ലാം തയ്യാറാക്കുന്ന കാലം. ചിലരാണെങ്കില്‍ മാങ്ങ കിട്ടാന്‍ തുടങ്ങിയാല്‍പ്പിന്നെ കറികളിലും പുളിക്ക് വേണ്ടി ചേര്‍ക്കുന്നത് മാങ്ങ തന്നെയായിരിക്കും. എന്നാല്‍ ഇതില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമായി മാങ്ങ കൊണ്ട് രുചികരമായ രസം തയ്യാറാക്കിയാലോ?

രസം, നമുക്കറിയാം മലയാളികള്‍ക്കും ദക്ഷിണേന്ത്യയിലെ ഭക്ഷണപ്രേമികള്‍ക്കുമെല്ലാം അത്രമാത്രം പ്രിയപ്പെട്ട ഒരു കറിയാണ്. നമ്മുടെ ഭക്ഷണ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ് രസം. മല്ലി, കുരുമുളക്, ജീരകം, വെളുത്തുള്ളി എന്നിങ്ങനെ ആരോഗ്യത്തിന് ഗുണകരമായ പല ചേരുവകളും ചേര്‍ത്താണ് രസം തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ഗുണഗണങ്ങളെക്കുറിച്ച് പറഞ്ഞാലും തീരില്ല.

രസം പല തരത്തില്‍ തയ്യാറാക്കുന്നത് കാണാറുണ്ട്. ഇവിടെയിപ്പോള്‍ നമ്മള്‍ നേരത്തേ സൂചിപ്പിച്ചത് പോലെ, മാങ്ങയ്ക്കാണ് പ്രാധാന്യം കൂടുതല്‍. മാങ്ങ കൂടാതെ കറിപ്പരിപ്പ്, തക്കാളി, ജീരകം, മല്ലി, കരുമുളക്, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍പ്പൊടി, കറിവേപ്പില, ചുവന്ന മുളക് (വറ്റല്‍ മുളക്), കടുക് എന്നിവയെല്ലാമാണ് ഇതിനാവശ്യം. എല്ലാ ചേരുവയും നിങ്ങളുടെ ഇഷ്ടാനുസരണം എടുക്കാം. കറി എത്ര വേണമോ അതിന് അനുസരിച്ച് ചേര്‍ക്കാം. ഇനിയിത് തയ്യാറാക്കുന്ന രീതി നോക്കാം. 

ആദ്യം മല്ലിയും കരുമുളകും ജീരകവും ചെറുതായി വറുത്ത ശേഷം പൊടിച്ചെടുക്കാം. ഇത് നല്ലത് പോലെ പൊടിയേണ്ടതില്ല. ശേഷം കുതിര്‍ത്തുവച്ചിരിക്കുന്ന പരിപ്പ്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പൊടിച്ചുവച്ച മസാല എന്നിവ ഉപ്പ് ചേര്‍ത്ത് വേവിച്ചെടുക്കാം. ഇത് പാകമായിക്കഴിയുമ്പോള്‍ അതിലേക്ക് മാങ്ങ തൊലിയടര്‍ത്തി, കാമ്പ് മാത്രം എടുത്ത് ചെറുതായി അരച്ചുവച്ചത് ചേര്‍ക്കണം. അതിന് ശേഷം മഞ്ഞള്‍പ്പൊടി ചേര്‍ക്കാം. അവസാനമായി അല്‍പം വെളിച്ചെണ്ണയില്‍ കടുകും കറിവേപ്പിലയും ചുവന്ന മുളകും താളിച്ചെടുത്ത് രസത്തിലേക്ക് ചേര്‍ക്കാം. കിടിലന്‍ മാങ്ങ രസം തയ്യാര്‍.