നാരുകള്‍  (ഫൈബര്‍) കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതിനാല്‍ പ്രമേഹമുള്ളവര്‍ക്കും  അത് വരാതിരിക്കാന്‍  ആഗ്രഹിക്കുന്നവര്‍ക്കും  ഇത് ഗുണം ചെയ്യുന്നു. 

രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും ഇവ സഹായിക്കുന്നു. നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവരില്‍ ഹൃദയാഘാതം താരതമ്യേന കുറവായാണ് കാണുന്നത് എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 

ഫൈബർ ഭക്ഷണങ്ങൾക്ക് ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവുണ്ട്. നാരുകള്‍  അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും. ഇത് അമിതവണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കും. അതിനാല്‍ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ നാരുകൾ കൂടുതല്‍ അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

സസ്യാഹാരങ്ങളിലാണ് നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നത്. ചീര, കാബേജ്, കോളിഫ്ളവര്‍, പാവയ്ക്ക, വഴുതനങ്ങ, മുരിങ്ങക്ക എന്നിവയില്‍ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്. അതുപോലെ, പയര്‍വര്‍ഗങ്ങളായ   കടല, ചെറുപയര്‍, സോയ പയര്‍, മുതിര എന്നിവയിലും പാഷന്‍ ഫ്രൂട്ട്, പേരയ്ക്ക, മാതളം നെല്ലിക്ക, മുന്തിരി എന്നീ പഴങ്ങളിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. 

ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്തുകള്‍, ഓട്സ്,  നിലക്കടല, എള്ള്, കൊത്തമല്ലി, ജീരകം, കുരുമുളക് , റാഗി, ബാര്‍ലി , തവിടുള്ള കുത്തരി, ചോളം എന്നിവയിലും ഇവ അടങ്ങിയിരിക്കുന്നു. 

Also Read: വണ്ണം കുറയ്ക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല ; ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി...