50 വിഭവങ്ങളടങ്ങിയ 7 കിലോയോളം വരുന്ന താലി മീല്‍സ് കഴിച്ചുതീര്‍ക്കുകയെന്നതാണ് ചലഞ്ച്. എട്ട് തരം റൊട്ടികള്‍, മൂന്ന് തരം റൈസ്, 16 തരം കറികളും സബ്ജിയും, മൂന്ന് ഡിപ്‌സ്, ആറ് ഡിസേര്‍ട്ടുകള്‍, രണ്ട് ലസ്സി, രണ്ട് സനാക്‌സ് എന്നിവയാണ് താലി മീല്‍സിലുള്‍പ്പെട്ടിരിക്കുന്നത്

ഭക്ഷണപ്രിയരെ സംബന്ധിച്ചിടത്തോളം പുതിയ രുചികള്‍ പരീക്ഷിക്കുന്നതിനൊപ്പം തന്നെ ഇഷ്ടമുള്ള കാര്യമാണ് ഭക്ഷണവുമായി ബന്ധപ്പെട്ട ചലഞ്ചുകള്‍ ഏറ്റെടുക്കുന്നതും. മുമ്പെല്ലാം പ്രാദേശികമായും അല്ലാതെയും സജീവമായി തീറ്റ മത്സരങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഈ ട്രെന്‍ഡിന് ഇപ്പോള്‍ കാര്യമായ കോട്ടം സംഭവിച്ചിട്ടുണ്ട്. 

എങ്കിലും 'ഫുഡ് ചലഞ്ച്' എന്ന പേരില്‍ ഇപ്പോഴും തീറ്റ മത്സരങ്ങള്‍ നടത്തുന്നവരുണ്ട്. അത്തരമൊരു രസകരമായ സംഭവമാണ് ഇംഗ്ലണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആഷ്ടണില്‍ പ്രവര്‍ത്തിക്കുന്ന 'ലിലിസ് വെജിറ്റേറിയന്‍ ഇന്ത്യന്‍ കുസിന്‍' എന്ന ഇന്ത്യന്‍ റെസ്റ്റോറന്റ് ആണ് ഗംഭീര ഫുഡ് ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്. 

50 വിഭവങ്ങളടങ്ങിയ 7 കിലോയോളം വരുന്ന താലി മീല്‍സ് കഴിച്ചുതീര്‍ക്കുകയെന്നതാണ് ചലഞ്ച്. എട്ട് തരം റൊട്ടികള്‍, മൂന്ന് തരം റൈസ്, 16 തരം കറികളും സബ്ജിയും, മൂന്ന് ഡിപ്‌സ്, ആറ് ഡിസേര്‍ട്ടുകള്‍, രണ്ട് ലസ്സി, രണ്ട് സനാക്‌സ് എന്നിവയാണ് താലി മീല്‍സിലുള്‍പ്പെട്ടിരിക്കുന്നത്. 

ആകെ 3,611 രൂപയാണ് ഇതിന്റെ വില. ചലഞ്ചില്‍ പങ്കെടുത്ത് പരാജയപ്പെടുന്നവര്‍ക്ക് ബാക്കി ഭക്ഷണം വൃത്തിയായി പാക്ക് ചെയ്ത് നല്‍കുന്നതാണെന്നും റെസ്റ്റോറന്റ് അറിയിച്ചു. എന്നാലിതുവരെ ആര്‍ക്കും ചലഞ്ച് ജയിക്കാനായിട്ടില്ല. ഇതുവരെ മൂന്ന് പേരാണേ്രത മത്സരത്തിനെത്തിയത്. ഇവര്‍ മൂന്ന് പേരും ദയനീയമായി ചലഞ്ചില്‍ പരാജയപ്പെട്ടു. 

പെട്ടെന്നൊരു ദിവസം തനിക്ക് തോന്നിയ ആശയമാണിതെന്നും ഭക്ഷണപ്രേമികള്‍ക്കുള്ള 'എന്റര്‍ടെയിന്‍മെന്റ്' മാത്രമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും റെസ്റ്റോറന്റ് ഉടമസ്ഥന്‍ പ്രീതി സച്‌ദേവ് പറഞ്ഞു. ഏതായാലും റെസ്റ്റോറന്റിന്റെ വമ്പന്‍ ചലഞ്ച് വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടുന്നത്.

Also Read:- പാകം ചെയ്യാത്ത മീനും ഇറച്ചിയും കൊണ്ടുള്ള വിഭവം; രസകരമായ വീഡിയോ