സാധാരണ പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ഒപ്പം പ്രമേഹ രോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. പ്രമേഹമുണ്ടെന്ന് കണ്ടെത്തിയതിന് ശേഷം ജീവിതരീതികളില്‍ പുലര്‍ത്തേണ്ട ജാഗ്രത വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സാധാരണ പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ഒപ്പം പ്രമേഹ രോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ, പായസം കുടിക്കാമോ തുടങ്ങി പല സംശയങ്ങളും പ്രമേഹ രോഗികള്‍ക്കുണ്ട്. 

അത്തരത്തില്‍ പ്രമേഹ രോഗികൾക്ക് കഴിക്കാമോ എന്ന് സംശയം ഉള്ള മൂന്ന് ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

മലയാളികള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന ഭക്ഷണമായ ചോറ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുമെന്ന് കരുതി പ്രമേഹമുള്ളവര്‍ ചോറ് പൂര്‍ണ്ണമായും ഒഴിവാക്കാറുമുണ്ട്. എന്നാല്‍ അങ്ങനെ പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ആവശ്യം ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ചോറ് കഴിക്കുമ്പോഴും അളവ് നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. അതുപോലെ തന്നെ, വെള്ള അരിയേക്കാൾ തവിട് ഉള്ള അരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. തവിട് അടങ്ങിയതിനാൽ വലിയ അളവിൽ നാരും ഇതിൽ അടങ്ങിയിട്ടുണ്ട്. നാം അരിയാഹാരം കഴിക്കുമ്പോൾ അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് നാരുകൾ തടയുന്നു. അതുകൊണ്ടുതന്നെ ചുവന്ന അരി, വെള്ള അരിയെ അപേക്ഷിച്ച് പ്രമേഹത്തെ ഫലപ്രദമായി ചെറുക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. വെളള അരിയില്‍ ധാരാളം കാര്‍ബോഹൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹ രോഗകള്‍ക്ക് അവ അളവ് നിയന്ത്രിച്ചു വേണം ഭക്ഷിക്കാന്‍. 

രണ്ട്...

നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വളരെയേറെ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് നേന്ത്രപ്പഴം. വിറ്റാമിന്‍ എ, ബി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ നേന്ത്രപ്പഴം ആരോഗ്യത്തിന് ഏറേ നല്ലതാണ്. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ എന്ന കാര്യത്തില്‍ പലപ്പോഴും സംശയം ഉണ്ട്. മധുരം ധാരാളം അടങ്ങിയതാണ് നേന്ത്രപ്പഴം. കൂടാതെ ഇവയില്‍ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇവയുടെ ഗ്ലൈസീമിക് ഇന്‍ഡെക്‌സും ചെറുതല്ല. എന്നാല്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള ഫലമാണ് നേന്ത്രപ്പഴം. അതിനാല്‍ പ്രമേഹരോഗികള്‍ നേന്ത്രപ്പഴം കഴിക്കുന്നതില്‍ തെറ്റില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കഴിക്കുന്നതിന്‍റെ അളവ് ശ്രദ്ധിക്കേണ്ടതുണ്ട്.

മൂന്ന്...

പലപ്പോഴും പ്രമേഹ രോഗികള്‍ക്കുള്ള സംശയമാണ് ഈന്തപ്പഴം കഴിക്കാമോ എന്നത്. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രമേഹരോഗികൾ ഈന്തപ്പഴം കഴിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ ഈന്തപ്പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതിനാല്‍ ദിവസവും രണ്ട് മുതല്‍ മൂന്ന് ഈന്തപ്പഴം വരെയൊക്കെ കഴിക്കാം. എന്നിരുന്നാലും നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശം കൂടി ചോദിച്ചതിന് ശേഷം മാത്രം ഡയറ്റില്‍ മാറ്റം വരുത്തുക. 

Also Read: ഹൃദയാരോഗ്യത്തിനായി ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍...