പ്രമേഹം ഇന്ന് ധാരാളം ആളുകളെ ബാധിക്കുന്ന രോഗമായി മാറി.  പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം.

പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. 95% പ്രമേഹ രോഗികളിലും കാണപ്പെടുന്നത് ടൈപ്പ്  2 പ്രമേഹം ആണ്. സാധാരണയായി  35 വയസ്സിന് മുകളിൽ  ഉള്ളവർക്കാണ് ഈ രോഗം കൂടുതലും കാണപ്പെടുന്നത്. ഇൻസുലിന്റെ  ഉല്പാദനക്കുറവോ അല്ലെങ്കിൽ ഉല്പാദിപ്പിക്കാതെയിരിക്കുകയോ ചെയ്യുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. 2030 ഓടെ 98 മില്ല്യണ്‍ ആളുകളില്‍ പ്രമേഹരോഗം വരുമെന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്. 

പ്രമേഹ രോഗികള്‍ ആഹാരകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. രക്തത്തിലെ പഞ്ചസാരയുടെ അളവ്  നിയന്ത്രിക്കുന്ന ഭക്ഷണങ്ങള്‍ തന്നെ തെരഞ്ഞെടുക്കണം. ടൈപ്പ് 2 പ്രമേഹം തടയാൻ ഏറ്റവും നല്ലതാണ് പപ്പായ എന്നാണ് എന്‍ഡിടിവിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. കാര്‍റ്റിനോയ്ഡ്സ് എന്ന ആന്‍റിഓക്സിഡന്‍റ്  ധാരാളം അടങ്ങിയതാണ് പപ്പായ. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പപ്പായയിൽ വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. 

ദൈനം ദിന ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുന്നത് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകും.  വൈറ്റമിന്‍ സി മാത്രമല്ല എയും ധാരാളം ഉള്ളതാണ് പപ്പായ. ഇത് ചർമത്തിനു വളരെ നല്ലതാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും. കണ്ണിന്റെ കാഴ്ചയ്ക്കും പപ്പായ ഉത്തമം. 

ഹൃദയത്തെ സംരക്ഷിക്കാൻ ഏറ്റവും നല്ല  ഫ്രൂട്ടുകളിലൊന്നാണ് പപ്പായ. പൊട്ടാസ്യം സ്ട്രോക്ക് വരാതെ ശരീരത്തെ സംരക്ഷിക്കും. പപ്പായയിൽ അടങ്ങിയിരിക്കുന്ന പാപെയിൻ, കൈമോപാപെയിൻ തുടങ്ങിയ എൻസൈമുകൾ ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് എന്നിവ മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കും. 

പപ്പായ എങ്ങനെ പ്രമേഹരോഗികളെ സഹായിക്കും?

പപ്പായ പഴത്തിന് മധുരമുണ്ടെങ്കിലും ഗ്ളൈസമിക് ഇൻഡക്സ്  നില മധ്യമമായിരിക്കും. അതിനാൽ, പ്രമേഹ രോഗികൾക്ക്  നിയന്ത്രിത അളവിൽ പപ്പായ കഴിക്കാവുന്നതാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍സും ഫൈബറും പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇവ കൂടാതെ സഹായിക്കും. പപ്പായയില്‍ വളരെ കുറച്ച് മാത്രമേ കലോറി അടങ്ങിയിട്ടുള്ളൂ, അതിനാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ ഇത് സഹായകമാണ്. പ്രമേഹരോഗികള്‍ പപ്പായ വെറുതെ കഴിക്കരുത്. അവയോടൊപ്പം ബദാം കൂടി ചേര്‍ത്ത് കഴിക്കാം.