ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിനെ തടയാനുള്ള പരിശ്രമത്തിലാണ് ലോകം. അതിനിടെ കൊറോണ വൈറസിനെ ഇന്ത്യ പ്രതിരോധിച്ചത് ഇന്ത്യാക്കാര്‍ കഴിക്കുന്ന കറിയിലൂടെയാണോ എന്നാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പത്രം ചോദിക്കുന്നത്. 

ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇങ്ങനെ ചോദിക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെങ്കില്‍ ഇന്ത്യന്‍ കറികള്‍ക്ക് കൊറോണയെ പ്രതിരോധിക്കാനുള്ള  'ആന്‍റിവൈറല്‍' ഗുണങ്ങളുണ്ടോയെന്ന് ലേഖനം ചോദിക്കുന്നു. ഇന്ത്യയിലെ ഭക്ഷണവും കാലവസ്ഥയുമാണ് കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യയെ സഹായിച്ചത് എന്നാണ് ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വൈറസിനെ പ്രതിരോധിക്കാൻ കാരണമായത് ഇന്ത്യൻ കറികളാണെന്ന് നിരവധിപ്പേർ വിശ്വസിക്കുന്നുണ്ടെങ്കിലും വിദഗ്ധർ പറയുന്നത് കൃത്യസമയത്ത് സര്‍ക്കാരും മെഡിക്കല്‍ സംഘവും ഇടപ്പെട്ടതുകൊണ്ടാണ് കൊറോണയെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് എന്നാണ് എന്നും ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പരിമിതികളില്‍ നിന്നുകൊണ്ടാണ് ഇന്ത്യയിലെ മെഡിക്കല്‍ സംഘം വൈറസിനെ പ്രതിരോധിച്ചത് എന്നും ഷി ചാവോ എന്ന ഗവേഷകന്‍ പറഞ്ഞതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

ലോകമാകെ വൻ ഭീതി പരത്തിയ കൊവിഡ്–19 അഥവാ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അതും കേരളത്തില്‍ സംശയത്തിന്‍റെ പേരില്‍ ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അവര്‍ എല്ലാവരും ആശുപത്രി വിടുകയും ചെയ്തത്തോടെ ഇന്ത്യ കൊറോണ  വിമുക്തമാവുകയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരവും ഇന്ത്യയില്‍ ഒരിടത്തും കൊറോണ സ്ഥിരീകരിച്ചിട്ടില്ല.