ആരോഗ്യമുള്ള ശരീരത്തിന് എപ്പോഴും ആഴമുള്ള ഉറക്കം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നത് കേട്ടിട്ടില്ലേ? ഉറക്കം ശരിയായില്ലെങ്കില്‍ ഒരുപിടി ജീവിതശൈലീ രോഗങ്ങളാണ് പിന്നെ പിടിപെടുക. ഇതെല്ലാം നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണെങ്കില്‍ കൂടി, ചിലര്‍ക്കെങ്കിലും സ്ഥിരമായി ഉറക്കപ്രശ്‌നങ്ങള്‍ നേരിടാറുണ്ട്. 

അത്തരക്കാര്‍ക്ക് ഡയറ്റില്‍ ലളിതമായി വരുത്താവുന്ന ഒരു മാറ്റം ആലോചിച്ചാലോ? നല്ല ഉറക്കത്തിനായി ഇതാ നാല് ഡയറ്റ് ടിപ്‌സ്.

ഒന്ന്...

ഉറങ്ങാനുദ്ദേശിക്കുന്ന സമയത്തിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പ് കുറച്ച് ബദാം കഴിക്കാം. നല്ല ഉറക്കത്തിന് ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ബദാം. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിനായി ഏറ്റവുമധികം സഹായകമാകുന്നത്. ധാരാളം കലോറി അടങ്ങിയിരിക്കുന്നു എന്നതിനാല്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ബദാം കഴിക്കാതിരിക്കാനും ശ്രദ്ധിക്കുമല്ലോ.

രണ്ട്...

വാള്‍നട്ടും ഉറക്കത്തെ പരിപോഷിപ്പിക്കുന്ന ഒന്നാണ്. ഇതും കിടക്കറയിലേക്ക് പോകുന്നതിന് കുറച്ചധികനേരം മുമ്പായി കഴിക്കാം. പൊതുവേ ഹൃദയാരോഗ്യത്തിന് പേര് കേട്ട നട്ടാണ് വാള്‍നട്ട്. എന്നാല്‍ ഉറക്കത്തിന്റെ കാര്യത്തില്‍ വാള്‍നട്ട് നമ്മുടെ സുഹൃത്താകുന്നത് നേരത്തേ ബദാമിന്റെ കാര്യം സൂചിപ്പിച്ച പോലെ, ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യത്തിന്റെ സാന്നിധ്യത്തില്‍ തന്നെയാണ്. 

മൂന്ന്...

ഇളം ചൂടുള്ള പാലാണ്, സുന്ദരമായ ഉറക്കത്തിന് മറ്റൊരു ഉപാധി. ഉറക്കത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍- ഡി, കാത്സ്യം, ട്രിപ്‌റ്റോഫാന്‍ എന്നിവ പാലില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ തീര്‍ച്ചയായും ഉറങ്ങുന്നതിന് അല്‍പം മുമ്പായി ഒരു ഗ്ലാസ് ഇളം ചൂടുപാല്‍ കഴിക്കാവുന്നതാണ്. 

നാല്...

സാധാരണഗതിയില്‍ ബ്രേക്ക്ഫാസ്റ്റായി കഴിക്കാറുള്ള ഒന്നാണ് ഓട്ട്‌സ്. എന്നാല്‍ ഇനി ഈ പതിവ് രാത്രിയിലേക്ക് ഒന്ന് മാറ്റിപ്പിടിച്ചുനോക്കൂ. അത്രമാത്രം ഉറക്കത്തെ നല്ലരീതിയില്‍ സ്വാധീനിക്കാന്‍ ഓട്ട്‌സിന് കഴിവുണ്ടത്രേ. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ ദഹനപ്രക്രിയ എളുപ്പമാക്കാന്‍ ഓട്ട്‌സ് സഹായിക്കുന്നു. ഇതുവഴി വയറ് സ്വസ്ഥമാവുകയും ഉറക്കം ശരിയായ രീതിയില്‍ നടക്കുകയും ചെയ്യുന്നു.