ഭക്ഷണകാര്യങ്ങളില്‍ കൃത്യമായ ശ്രദ്ധയും കരുതലും പുലര്‍ത്തുന്നവരാണ് മിക്കവാറും സിനിമാതാരങ്ങള്‍. എന്നാല്‍ ഇവര്‍ക്കിടയില്‍ ഭക്ഷണപ്രേമികളും ധാരാളമുണ്ട്. പ്രത്യേകിച്ച് ബോളിവുഡിലാണെങ്കില്‍, സോഷ്യല്‍ മീഡിയയിലൂടെ ഇഷ്ടവിഭവങ്ങളെപ്പറ്റിയും മറ്റും പല താരങ്ങളും ചിത്രങ്ങളായും കുറിപ്പുകളായും കാര്യങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. 

അത്തരത്തിലൊരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം കരീഷ്മ കപൂറിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ശ്രദ്ധിക്കപ്പെട്ടത്. ആദ്യം 'വിശക്കുന്നു' എന്നെഴുതി, കാലിയായ മേശപ്പുറത്ത് ഭക്ഷണമെത്തുന്നതും കാത്തിരിക്കുന്ന ചിത്രമായിരുന്നു കരീഷ്മയുടെ സ്റ്റോറി. 

 

 

അധികം വൈകാതെ ഭക്ഷണത്തിന്റെ ചിത്രവും താരം പങ്കുവച്ചു. 'ഹൃദയം നിറച്ച് ഊട്ടൂ' എന്ന വാചകത്തോടെയായിരുന്നു കിടിലന്‍ രാജസ്ഥാനി ലഞ്ചിന്റെ ചിത്രം. ജയ്പൂരിലെ ഏതോ റെസ്‌റ്റോറന്റിലായിരുന്നു കരീഷ്മയെന്നാണ് സൂചന. തനത് രാജസ്ഥാനി വിഭവങ്ങളായിരുന്നു പാത്രത്തിലുണ്ടായിരുന്നത്. 

ദാല്‍ ബാട്ടി ചുര്‍മ, മിസി റൊട്ടി, മട്ടണ്‍ ചാപ്‌സ്, തന്തൂരി റൊട്ടി, സലാഡ് എന്നിവയെല്ലാം പാത്രത്തില്‍ കാണാം. രാജസ്ഥാനി വിഭവങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് ദാല്‍ ബാട്ടി ചുര്‍മ. ഗോതമ്പുപൊടി ഉപയോഗിച്ചുണ്ടാക്കുന്ന ചെറു ഉരുളകളെയാണ് ബാട്ടി എന്ന് പറയുന്നത്. ഇതിനൊപ്പം ദാല്‍ അഥവാ പരിപ്പ് ചേര്‍ക്കും. നെയ്യിലാണ് സംഗതി തയ്യാറാക്കി എടുക്കുന്നത്. 

 

 

മുമ്പും ദാല്‍ ബാട്ടി ചുര്‍മയെ സോഷ്യല്‍ മീഡിയയിലൂടെ ബോളിവുഡ് താരങ്ങള്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. രാജസ്ഥാനി ഭക്ഷണത്തെ പുകഴ്ത്തിക്കൊണ്ട് നേരത്തേ കിംഗ് ഖാനും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.