സ്ത്രീകളെയും കുട്ടികളെയും മോശമായ രീതിയിൽ പ്രദർശിപ്പിച്ച  പരസ്യം വിവാദമായതിനെ തുടര്‍ന്ന് കെഎഫ്സി മാപ്പ് പറഞ്ഞു. ഓസ്ട്രേലിയയിലാണ് ലൈംഗിക ചുവയുള്ള പരസ്യം കെഎഫ്സി പ്രദർശിപ്പിച്ചത്. സംഭവം വിവാദമായതോടെയാണ്  കമ്പനി മാപ്പ് പറഞ്ഞത്.മാറിടം പ്രദർശിപ്പിക്കുന്ന രീതിയിൽ സ്ത്രീകളെ മാധ്യമങ്ങളിൽ ചിത്രീകരിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഓസ്ട്രേലിയയിൽ നിന്നുയർന്നത്.

ആരും ശ്രദ്ധിക്കുന്നില്ലെന്നു കരുതി റോഡരികില്‍ പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ വിന്റോഗ്ലാസില്‍ നോക്കി വസ്ത്രം ശരിയാക്കുന്ന സ്ത്രീയും, അമ്പരപ്പോടെ വിന്റോ ഗ്ലാസ് തുറക്കുന്ന കുട്ടികളുമാണ് പരസ്യത്തിലുള്ളത്. എന്നാൽ കെഎഫ്സി ഉൽപന്നങ്ങൾക്ക് എന്തിനാണ് ഇങ്ങനെ മോശമായ രീതിയിലുള്ള ഒരു പരസ്യം എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. സ്ത്രീകളെ വിൽപന വസ്തുക്കളാക്കുകയാണെന്ന വിമർശനവും ഉയര്‍ന്നിരുന്നു. 

'ഈ പരസ്യം ആരെയെങ്കിലും അപമാനിക്കുന്നതായി തോന്നി എങ്കിൽ അതിൽ ഞങ്ങൾ മാപ്പ് പറയുന്നു. സ്ത്രീകളെയും കുട്ടികളെയും മോശം രീതിയിൽ ചിത്രീകരിക്കാന്‍ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല'– കെഎഫ്സി പ്രസ്താവനയിലൂടെ പറഞ്ഞു. എന്നാല്‍ പരസ്യം പിൻവലിക്കാൻ കെഎഫ്സി ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.