സന്തോഷങ്ങളുടെയോ ആഘോഷങ്ങളുടെയോ അവസരങ്ങളില്‍ അതിന്റെ മാറ്റ് കൂട്ടാന്‍ അല്‍പം ചോക്ലേറ്റ് നാം പരസ്പരം പങ്കുവയ്ക്കാറുണ്ട്. വെറുതെ മധുരം കഴിച്ച് ആഹ്ലാദിക്കുക മാത്രമല്ല, ഇതിന് പിന്നിലെ ആശയം. സത്യത്തില്‍ ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ടും ചില ഗുണങ്ങളുണ്ട്

ഇന്ന്, ഫെബ്രുവരി 9, ലോക ചോക്ലേറ്റ് ദിനമാണ്. ചോക്ലേറ്റ് ഇഷ്ടമല്ലാത്തവര്‍ വളരെ കുറവായിരിക്കും. മധുരമുള്ള മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുതിര്‍ന്നവരും നന്നായി കഴിക്കുന്ന ഒന്നാണ് ചോക്ലേറ്റ്. 

സന്തോഷങ്ങളുടെയോ ആഘോഷങ്ങളുടെയോ അവസരങ്ങളില്‍ അതിന്റെ മാറ്റ് കൂട്ടാന്‍ അല്‍പം ചോക്ലേറ്റ് നാം പരസ്പരം പങ്കുവയ്ക്കാറുണ്ട്. വെറുതെ മധുരം കഴിച്ച് ആഹ്ലാദിക്കുക മാത്രമല്ല, ഇതിന് പിന്നിലെ ആശയം. സത്യത്തില്‍ ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ടും ചില ഗുണങ്ങളുണ്ട്. ഇത്തരത്തിലുള്ള ചില ഗുണങ്ങളെ കുറിച്ചറിഞ്ഞാലോ!

ഒന്ന്...

ചോക്ലേറ്റില്‍ ഏറ്റവുമധികമായി കാണപ്പെടുന്ന ഘടകം കൊക്കോ ആണ്. ഇതിലടങ്ങിയിരിക്കുന്ന 'ഫിനോലിക് കോംപൗണ്ടുകള്‍' നമുക്ക് ആന്റിഓക്‌സിഡന്റുകളുടെ ഗുണം നല്‍കുന്നവയാണ്. ഡാര്‍ക് ചോക്ലേറ്റാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 

രണ്ട്...

മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ചോക്ലേറ്റ് സഹായകമാണ്. നേരത്തേ 'ദ ജേണല്‍ ന്യൂട്രീഷ്യന്‍' എന്ന ആരോഗ്യപ്രസിദ്ധീകരണത്തില്‍ ഈ വിഷയം സംബന്ധിച്ച വിശദമായ പഠനറിപ്പോര്‍ട്ട് വന്നിരുന്നു. 

മൂന്ന്...

ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും ഏറെ സഹായകമാണ്. ഹോട്ട് ചോക്ലേറ്റ് (കുടിക്കാന്‍ പരുവത്തിലുള്ളത്) പതിവായി കഴിക്കുന്നത് ബുദ്ധിയെ ഉണര്‍ത്തുമെന്നും പ്രായാധിക്യത്തില്‍ സംഭവിക്കുന്ന ഓര്‍മ്മക്കുറവിനെ ചെറുക്കുമെന്നും 'ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളി'ല്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. 

തലച്ചോറിന്റെ വിവിധ ഭാഗങ്ങളില്‍ കൃത്യമായ രക്തയോട്ടം നടക്കുന്നതിനും ഹോട്ട് ചോക്ലേറ്റ് ഏറെ സഹായകമാണത്രേ. 

നാല്...

ലൈംഗികതാല്‍പര്യം ഉണര്‍ത്താനും ചോക്ലേറ്റ് സഹായകമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

അഞ്ച്...

മാനസികമായ സന്തോഷം നിദാനം ചെയ്യാനും ചോക്ലേറ്റ് ഏറെ സഹായകമത്രേ. സമ്മര്‍ദ്ദങ്ങളുടെ കനം കുറച്ച് മനസിനെ ലഘൂകരിക്കാന്‍ ചോക്ലേറ്റിന് കഴിവുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

Also Read:- പുളിയും ഈന്തപ്പഴവും ശര്‍ക്കരയും കൊണ്ട് തയ്യാറാക്കാം കിടിലന്‍ മിഠായി...