ഇംതിയാസ് ഖുറേഷി എന്ന പേര് ഒരിക്കലെങ്കിലും നിങ്ങള്‍ കേട്ടിരിക്കും. 2016ല്‍ രാജ്യം പത്മ പുരസ്കാരം നല്‍കി, രുചിയുടെ ആ മാന്ത്രികനെ ആദരിച്ചു. ഈയൊരു അംഗീകാരത്തിലൂടെ ഇംതിയാസ് ഖുറേഷിയുടെ പേര് ഒന്നുകൂടി ജനകീയമായി മാറി.

ഓരോ വിഭവവും പാകം ചെയ്യുന്നതിന് അതിന്‍റേതായ രീതികളുണ്ട്. ചേരുവകള്‍, അവയുടെ അളവ്, ചൂട്, ഏത് പാത്രത്തിലാകണം പാചകം, എത്ര വെള്ളം ചേര്‍ക്കണം എന്നിങ്ങനെ പാചകത്തിലെ ഓരോ ഘട്ടത്തിലും രുചിയുടെ ഓരോ രഹസ്യങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. ഇതിനെയല്ലാം തുല്യമായോ, അല്ലെങ്കില്‍ നമ്മുടെ രുചിമുകുളങ്ങള്‍ക്ക് രസിക്കും വിധത്തിലോ സമന്വയിപ്പിച്ചെടുക്കുക എന്നത് അത്ര എളുപ്പമല്ല.

ഈ സൂത്രപ്പണി കൈവശപ്പെടുത്തിയവരെ ആണ് നമ്മള്‍ ബഹുമാനപൂര്‍വം 'ഷെഫ്' എന്നും 'മാസ്റ്റര്‍' എന്നുമൊക്കെ അഭിസംബോധന ചെയ്യുന്നത്. ഇങ്ങനെ രാജ്യം കണ്ട അതിവിദഗ്ധനായ 'ഷെഫ്' - അല്ല 'ഉസ്താദ്' ആണ് ഇപ്പോള്‍ നമ്മോട് വിട പറഞ്ഞിരിക്കുന്നത്. 

ഇംതിയാസ് ഖുറേഷി എന്ന പേര് ഒരിക്കലെങ്കിലും നിങ്ങള്‍ കേട്ടിരിക്കും. 2016ല്‍ രാജ്യം പത്മ പുരസ്കാരം നല്‍കി, രുചിയുടെ ആ മാന്ത്രികനെ ആദരിച്ചു. ഈയൊരു അംഗീകാരത്തിലൂടെ ഇംതിയാസ് ഖുറേഷിയുടെ പേര് ഒന്നുകൂടി ജനകീയമായി മാറി.

93ാം വയസില്‍ വാര്‍ധക്യസഹജമായ പ്രയാസങ്ങളെ തുടര്‍ന്നാണ് ഇംതിയാസ് റുഖേഷിയുടെ വിയോഗം. ഇദ്ദേഹത്തിന്‍റെ മൂത്ത മകനും പാചക വിദഗ്ധനുമായ ഇശ്തിയാഖ് ഖുറേഷിയാണ് രോഗവിവരങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കിയത്. 

ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ പേരെടുത്ത പാചക വിദഗ്ധരുടെ കുടുംബത്തില്‍ ആയിരുന്നു ഇംതിയാസ് ഖുറേഷിയുടെ ജനനം. മുഗള്‍ രാജാക്കന്മാര്‍ക്ക് വച്ച് വിളമ്പുന്ന പാചക വിദഗ്ധരുടെ കുടുംബമായിരുന്നു ഇദ്ദേഹത്തിന്‍റേത്. ഒമ്പത് വയസ് മുതല്‍ തന്നെ പാചക കലയുമായി അടുപ്പത്തിലായ ഇംതിയാസിന്‍റെ ജീവിതം പിന്നീടങ്ങോട്ട് അതില്‍തന്നെ സമര്‍പ്പിക്കും വിധത്തിലായി. 

'അദ്ദേഹം ഒരേസമയം ശക്തമായ മനസിനും അതുപോലെ ആത്മീയമായ ജീവിതത്തിനും അടിപ്പെട്ടിരുന്നു. ഗുരു എന്നാണ് ഞാൻ പോലും വിളിക്കുന്നത്. ആയിരക്കണക്കിന് മനുഷ്യര്‍ക്കാണ് അദ്ദേഹം വഴികാട്ടി ആയത്. എപ്പോഴും പാചകത്തെ കുറിച്ച് സംസാരിക്കും. ഒരുപാട് പരീക്ഷണങ്ങള്‍ നടത്തി. ക്ഷമാപൂര്‍വം ഓരോന്നിലേക്കും അദ്ദേഹം യാത്ര ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ കിടക്കുമ്പോള്‍ പോലും അദ്ദേഹത്തിന് സംസാരിക്കാനുള്ളത് തിരിച്ച് വീട്ടില്‍ പോയാല്‍ ചെയ്യേണ്ട പാചകപരീക്ഷണങ്ങളെ കുറിച്ചാണ്...'- മകൻ ഇശ്തിയാഖ് ഖുറേഷി പറയുന്നു. 

'സ്ലോ കുക്കിംഗ്' അഥവാ ദമ്മില്‍ പതിയെ വിഭവങ്ങള്‍ പാചകം ചെയ്തെടുക്കുന്ന രീതിയായിരുന്നു ഇംതിയാസ് ഖുറേഷിയുടെ പ്രത്യേകത. ഇത്തരത്തില്‍ ഇദ്ദേഹം രാജ്യത്തെ ഭക്ഷണപ്രേമികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ നിരവധിയാണ്. ഇന്ന് നമ്മള്‍ പല റെസ്റ്റോറന്‍റുകളിലും പോകുമ്പോള്‍ കാണുന്ന പല വിഭവങ്ങളുടെയും സൃഷ്ടാവ്.

ഓരോ ചേരുവയും വിഭവങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍, അവയുടെ അളവിലുള്ള വ്യത്യാസം കൊണ്ടുവന്നേക്കാവുന്ന പുതുമ, പാചകത്തിന് തെരഞ്ഞെടുക്കുന്ന രീതി, അടുപ്പിന്‍റെ പാകം എന്നിങ്ങനെ എല്ലാ കാര്യങ്ങളെയും കുറിച്ച് സൂക്ഷ്മമായ ധാരണ നേടി പാചക കലയെ അനായാസം കൈപ്പിടിയിലൊതുക്കി അദ്ദേഹം.

മിന്നുന്ന നേട്ടങ്ങള്‍, അംഗീകാരങ്ങള്‍, ഇംതിയാസിന്‍റെ രുചിപ്പെരുമയ്ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞ പ്രമുഖര്‍ നിരവധിയാണ്. ഇവരില്‍ മുൻ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു, മുൻ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം എന്നിവരെല്ലാം ഉള്‍പ്പെടുന്നു. രാജ്യത്തെ അറിയപ്പെടുന്ന പാചക വിദഗ്ധര്‍, സെലിബ്രിറ്റികള്‍ എല്ലാം ഇംതിയാസ് ഖുറേഷിക്ക് വിട നല്‍കുകയാണ്. ദം രുചികളുടെ മാദകമായ ഓര്‍മ്മകളവശേഷിപ്പിച്ച് ഇംതിയാസ് ഖുറേഷി മടങ്ങുമ്പോള്‍ പാചക കലയില്‍ ഗുരു, ഉസ്താദ് എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ക്കെല്ലാം പാത്രമാകാൻ ഇനിയൊരാള്‍ രാജ്യത്ത് ഇത്രകണ്ട് ഉയര്‍ന്നുവരുമോ എന്ന സംശയം ബാക്കിയാകുന്നു.

Also Read:- ലോകത്തിലെ ഏറ്റവും 'സ്ട്രോംഗ്' ആയ കാപ്പി, വീട്ടില്‍ പരീക്ഷിക്കല്ലേ...; വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo